

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കർണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി.
കർണാടകത്തിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നേടിയതെന്നും മൊഴി നൽകിയ പോറ്റി, സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടർനടപടി സ്വീകരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.
നിലവിൽ ജാമ്യത്തിൽ തുടരുന്ന പോറ്റിയെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇതേ സമയത്ത് തന്നെയായിരുന്നു യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്. 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
അതേസമയം പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ എസ്‌ഐടി വിശദമായ അന്വേഷണം നടത്തും. ഇടപാടുകൾ കണ്ടെത്തിയാൽ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. പോറ്റിയുമായി സൗഹൃദമുണ്ടായിരുന്നെന്നും എന്നാൽ സാമ്പത്തിക ഇടപാടുകളില്ലെന്നുമാണ് അടൂർ പ്രകാശ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ആറ്റിങ്ങലിലുള്ള എംപി ഓഫീസിൽ പോറ്റി വന്നിട്ടുണ്ടെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും അടൂർ പ്രകാശ് നൽകിയ മൊഴിയിലുണ്ട്.
പോറ്റിയുമായുള്ള പരിചയം തുടങ്ങുന്നത് വോട്ടർ എന്ന നിലയിലാണ്. ഉപഹാരമായി പോറ്റി നൽകിയത് ഈന്തപ്പഴം മാത്രമാണ്. സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാൻ പോറ്റി എത്തിയപ്പോഴാണ് ഇത് നൽകിയത്. പോറ്റിക്കൊപ്പം അന്ന് എടുത്ത ചിത്രമാണ് പുറത്തുവന്നതെന്നും അദ്ദേഹം മൊഴി നൽകിയിരുന്നു. ഡൽഹിയിൽ ഉണ്ടായിരുന്നത് കൊണ്ടാണ് താൻ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയത്. കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും പരിചയമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞതായാണ് വിവരം. സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ലെന്ന് അടൂർ പ്രകാശ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതേ കാര്യമാണ് അദ്ദേഹം ഇന്നലെ എസ്‌ഐടിയോടും പറഞ്ഞത്.
പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം അന്വേഷണ സംഘം ചോദിച്ചുവെന്നും അതിനെല്ലാം താൻ കൃത്യമായി മറുപടി നൽകിയെന്നും അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രണ്ടര മണിക്കൂറാണ് പൊലീസ് ആസ്ഥാനത്ത് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങളടക്കം മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂർപ്രകാശിനെ ചോദ്യം ചെയ്തത്.
Content Highlights: Unnikrishnan Potty, the prime accused in the Sabarimala gold theft case, gave a statement to the Special Investigation Team regarding his meeting with Sonia Gandhi