സ്പാ ബലാത്സംഗക്കേസ്: അന്വേഷണം സഹപ്രവർത്തകയിലേക്കും;ഗുണ്ടാസംഘത്തോട് സൗഹൃദപരമായി പെരുമാറിയെന്ന മൊഴി പരിശോധിക്കും

തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാ സംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു

സ്പാ ബലാത്സംഗക്കേസ്: അന്വേഷണം സഹപ്രവർത്തകയിലേക്കും;ഗുണ്ടാസംഘത്തോട് സൗഹൃദപരമായി പെരുമാറിയെന്ന മൊഴി പരിശോധിക്കും
dot image

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കഴുത്തിൽ കത്തിവെച്ച് കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ സഹപ്രവർത്തകയിലേക്കും അന്വേഷണം. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവർത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവർത്തകയുടെ ഒരു ആൺസുഹൃത്ത് ഉണ്ടെന്നും ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകയെ ചോദ്യം ചെയ്യാനുള്ള നീക്കം.

പ്രതികളുടെ സുഹൃത്തുക്കളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരിൽനിന്ന് വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് വിവരം. ആറംഗ അക്രമിസംഘത്തിലെ രണ്ട് പേർ മാത്രമാണ് നിലവിൽ പിടിയിലായിട്ടുള്ളത്. മറ്റ് പ്രതികളുടെ ഫോൺ സ്വിച്ച് ഓഫാണ്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയാണ് സ്പായിലേക്ക് ആറംഗ സംഘം അതിക്രമിച്ച് കയറി ജീവനക്കാരായ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് പൊലീസ് ധൈര്യം നൽകിയതിന് പിന്നാലെ കാര്യങ്ങൾ തുറന്നുപറയുകയും പരാതി നൽകുകയുമായിരുന്നു.പിന്നാലെ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ടുപേരെ പൊലീസ് പിടികൂടി.

താൻ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു. ഈ വീഡിയോ ഉടമക്ക് അയച്ച് പണം തട്ടാനാണ് ഗുണ്ടാ സംഘം ശ്രമിച്ചത്. മുറി അകത്ത് നിന്നും പൂട്ടിയ സുബിൻ 35 മിനിറ്റ് അടച്ചിട്ട മുറിയിൽ തന്നെ ക്രൂര പീഡനത്തിരയാക്കി. തന്റെ വീഡിയോ ചിത്രീകരിച്ച് കത്തി കൊണ്ട് കഴുത്തിൽ വരഞ്ഞുവെന്നും അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

അതേസമയം തിരുവല്ലയിലെ ഗുണ്ടാ -പൊലീസ് അവിശുദ്ധ കൂട്ടുകെട്ടിൽ കൂടുതൽ തെളിവുകൾ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചതായാണ് സൂചന. സ്പായിൽ ചില പൊലീസുകാർ നിത്യ സന്ദർശകരെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതായും ഗൂഗിൾ പേ വഴി ഇവർ പണം കൈപ്പറ്റിയതായുമാണ് വിവരം. ആറുവർഷമായി തിരുവല്ലയിൽ സർവീസിൽ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാനാണ് നീക്കം.

മുമ്പും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടപടിക്ക് വിധേയമായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡന പരാതി ലഭിച്ചിട്ടും തുടർനടപടി എടുക്കാത്തതിനാൽ എസ്എച്ച്ഒയെ നടപടിക്ക് വിധേയമാക്കിയിരുന്നു. കവർച്ചാ കേസിലെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകും മുമ്പ് പ്രതിഭാഗം അഭിഭാഷകന് നൽകിയതിന് എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്ത സംഭവവും ഉണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാൽനടയാത്രക്കാരനെതിരെ കേസടുത്തതും വിവാദമായിരുന്നു. സഹപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്ന പൊലീസുദ്യോഗസ്ഥനെതിരെയും നടപടി എടുത്തിരുന്നു.

Content Highlights: Thiruvalla Spa Case; Investigation into the spa colleague in the incident

dot image
To advertise here,contact us
dot image