ഉമ്മൻചാണ്ടി കുടുംബം തകർത്തെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം അടിസ്ഥാനരഹിതം, അദ്ദേഹം ശ്രമിച്ചത് സഹായിക്കാൻ: സഹോദരി ഉഷ

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും അക്കാര്യം പിതാവ് ബാലകൃഷ്ണപ്പിളള നേരിട്ട് പറഞ്ഞതാണെന്നും ഉഷ വ്യക്തമാക്കി

ഉമ്മൻചാണ്ടി കുടുംബം തകർത്തെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം അടിസ്ഥാനരഹിതം, അദ്ദേഹം ശ്രമിച്ചത് സഹായിക്കാൻ: സഹോദരി ഉഷ
dot image

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. യാമിനിയുമായുളള വിഷയത്തില്‍ ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും പൊലീസ് കേസ് ഒഴിവാക്കി ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. കേസുമായി പോയിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും മാറ്റിവെച്ച് അദ്ദേഹം ഗണേഷിനെ സഹായിക്കുകയായിരുന്നു, ഇതാണ് സത്യമെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും അക്കാര്യം പിതാവ് ബാലകൃഷ്ണപ്പിളള നേരിട്ട് പറഞ്ഞതാണെന്നും ഉഷ വ്യക്തമാക്കി. 'ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ആ എഴുത്ത് അച്ഛന്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന്‍ നേരിട്ട് പറഞ്ഞു. പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം': ഉഷ മോഹന്‍ദാസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. കൊട്ടാരക്കരയെ പ്രതിനിധീകരിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്നും ഗണേഷിനെതിരെ താന്‍ മത്സരിക്കില്ലെന്നും ഉഷ പറഞ്ഞു. 'കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. മത്സരിച്ചാല്‍ വലിയ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. പിന്നീടാണ് ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നത്. കൊട്ടാരക്കര കിട്ടിയില്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറല്ല. ഗണേഷിനെതിരെ പത്തനാപുരത്ത് മത്സരിക്കില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല': ഉഷ മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണ് എന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിനായിരുന്നു ഗണേഷിന്റെ മറുപടി. 'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു'എന്നാണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്.

Content Highlights: Ganesh Kumar's allegation against oommen chandy are baseless says usha mohandas

dot image
To advertise here,contact us
dot image