ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമം, അന്വേഷണം ശരിയായ ദിശയിൽ നടക്കട്ടെ: പി കെ കുഞ്ഞാലിക്കുട്ടി

ശബരിമലയിൽ സംഭവിച്ചത് മോശമായ കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി

ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമം, അന്വേഷണം ശരിയായ ദിശയിൽ നടക്കട്ടെ: പി കെ കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തത് അന്വേഷണത്തിൻ്റെ ഭാ​ഗമായെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമമാണ്. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കട്ടെ. ശബരിമലയിൽ സംഭവിച്ചത് മോശമായ കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എസ്ഐടി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണെന്നും ഹൈക്കോടതിക്ക് കീഴിലല്ലെന്നും മുരളീധരൻ വിമർശിച്ചു. റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്. പോറ്റിയെ കേറ്റിയതും സ്വര്‍ണം കട്ടതും സിപിഐഎം ആണ്. എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യുഡിഎഫിൻ്റെ പുതുയുഗ യാത്ര'യിലെ ആളുകളെ കണ്ട് മുഖ്യമന്ത്രിയുടെ സമനിലതെറ്റി. ജാഥയ്ക്ക് ഇതൊന്നും തിരിച്ചടിയാകില്ല. യഥാര്‍ത്ഥ കളളന്മാരെ രക്ഷിക്കാൻ നോക്കേണ്ടെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ അവരെ പിടിച്ച് അകത്തിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കാർ ജയിലിൽ കിടക്കുമ്പോൾ അവർക്കെതിരെ നടപടി എടുക്കാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രി എങ്ങനെയെങ്കിലും ഈ കുറ്റം മറ്റുള്ളവരിൽ ചാർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

2004 ൽ താൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോളാണ് പോറ്റിയ്ക്ക് കയറാൻ അവസരം ഒരുക്കിയതെന്നാണ് ആരോപണം. എസ്‌ഐടി അന്വേഷിക്കട്ടെയെന്നും തന്റെ പ്രവർത്തനം എങ്ങനെ എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. പോറ്റിയുടെ ഒപ്പമുള്ള തൻ്റെ ഫോട്ടോ കിട്ടാൻ ഒരുപാട് ശ്രമിച്ചിട്ടും ഇതുവരെ കിട്ടിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വേറുതെ ആരെയെങ്കിലും ചെളിവാരിയെറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തങ്ങൾ നേരെത്തെ പറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾക്ക് ആർക്കും ജയിലിൽ പോകേണ്ടി വരില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയത്തിൽ വേറൊരാളെ ഇല്ലാതാക്കുക എന്ന പൊളിറ്റിക്സ് ആണ് ഇവിടെ സിപിഐഎമ്മും ഇടതുപക്ഷവും കൊണ്ടുനടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. എസ്ഐടി ഭാഗികമായ കുറ്റപത്രം പോലും സമ്മർപ്പിച്ചില്ല. എല്ലാവർക്കും ജാമ്യം ലഭിക്കുന്ന നടപടിയാണ് എസ്ഐടി നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം നടത്തട്ടെ. തങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺ​ഗ്രസിനെ മോശക്കാരനാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിഞ്ഞു. ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ്‌ഐടി വിശദമായി ചോദിച്ചതായിയാണ് വിവരം.

ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്യുന്നതായാണ് വിവരം.

Content Highlight : P K Kunhalikutty said that the Special Investigation Team’s (SIT) questioning of UDF convener Adoor Prakash in the Sabarimala gold theft case was part of the ongoing investigation.

dot image
To advertise here,contact us
dot image