കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളും, അദ്ദേഹത്തെ വെറുതെ ചോദ്യം ചെയ്തതല്ല: ശിവൻകുട്ടി

യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ അടൂർ പ്രകാശിനോട് നേതൃത്വം ആവശ്യപ്പെടണമെന്ന് ശിവൻകുട്ടി

കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളും, അദ്ദേഹത്തെ വെറുതെ ചോദ്യം ചെയ്തതല്ല: ശിവൻകുട്ടി
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അത് അയ്യപ്പൻ കൈകാര്യം ചെയ്തുകൊള്ളുമെന്ന് പറഞ്ഞ ശിവൻകുട്ടി, അദ്ദേഹത്തെ വെറുതെ ചോദ്യം ചെയ്തതല്ലെന്നും സ്വർണകൊള്ള പുറത്ത് വന്നപ്പോൾ മുതൽ കേട്ട പേരാണ് അദ്ദേഹത്തിന്റേതെന്നും പറഞ്ഞു. ചോദ്യം ചെയ്യപ്പെട്ടയാൾ യുഡിഎഫിന്റെ കൺവീനർ ആണ്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടപ്പോൾ അടൂർ പ്രകാശിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. അന്ന് മുതൽ സംശയം ഉയർന്നിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതി പറഞ്ഞിട്ടുപോലും ബോധ്യപ്പെടാത്ത ഏക വ്യക്തിയേ കേരളത്തിലുള്ളൂ, അത് പ്രതിപക്ഷ നേതാവാണ്. ദേവസ്വം മന്ത്രിയായിപ്പോയി എന്നത് കൊണ്ട് മാത്രം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയവരാണ് പ്രതിപക്ഷം. എന്നാൽ ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് യുഡിഎഫ് കൺവീനറാണ്. അദ്ദേഹത്തെ വെറുതെ ചോദ്യം ചെയ്തതല്ല. സ്വർണക്കൊള്ളയുടെ അന്വേഷണം ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്ന് ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടിലധികം പ്രാവശ്യം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഇവരുമായി ആശയവിനിമയം നടത്തുന്നതും സമ്മാനം കൈമൈാറുന്നതിന്റെയെല്ലാം റിപ്പോർട്ടുകളും വന്നിരുന്നു. കനത്ത സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിൽ രണ്ട് തവണയാണ് കാട്ടുകള്ളന്മാർ എത്തിയത്. അന്നെല്ലാം അടൂർ പ്രകാശും കൂടെ ഉണ്ടായിരുന്നു. വാസവൻ രാജിവെക്കണമെന്ന് പറഞ്ഞതു പോലെ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ അടൂർ പ്രകാശിനോട് നേതൃത്വം ആവശ്യപ്പെടണം. അതാണ് മാന്യമായ രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിഞ്ഞതായാണ് വിവരം. ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നുവെന്നും ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അടൂർ പ്രകാശ് വ്യക്തമാക്കി.

Content Highlights:‌ Minister V Sivankutty responded to the questioning of UDF convener Adoor Prakash regarding the Sabarimala gold theft he said The leadership should ask Adoor Prakash to resign from the position of UDF convener

dot image
To advertise here,contact us
dot image