

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും ദിവസത്തെ അന്വേഷണത്തിന് ശേഷവും എസ്ഐടിക്ക് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
സ്വര്‍ണക്കൊള്ളയിൽ പങ്കുള്ള സിപിഐഎമ്മിൻ്റെ വലിയ നേതാക്കന്മാർ പുറത്ത് നിൽക്കുന്നുണ്ടെന്നും അവർ ജയിലിൽ പോകുമെന്ന ഭയമാണ് സർക്കാരിനെന്നും വി ഡി സതീശൻ പറഞ്ഞു. പ്രാഥമികമായി കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടിക്ക് കഴിയാത്തതിലും സതീശൻ വിമർശിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെല്ലാം പുറത്തുവരുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എസ്ഐടിക്കെതിരെയും സതീശൻ രംഗത്തെത്തി. ഇത്രയും ദിവസമായി എന്ത് തെളിവുകളാണ് എസ്ഐടി ശേഖരിച്ചതെന്ന് സതീശൻ ചോദിച്ചു. കേരളത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷത്തിനും കേരളത്തിലെ ജനങ്ങൾക്കും ഒരുപോലെ ഉത്കണ്ഠയുണ്ടെന്നും അദേഹം പ്രതികരിച്ചു. കേസിൽ ഗൗരവത്തോടെ അന്വേഷണം നടക്കാനുള്ള സംവിധാനം കോടതി ഉണ്ടാക്കണമെന്നും അദേഹം പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിൽ ആദ്യം മുതൽ അവസാനം വരെ പ്രതിപക്ഷം പറഞ്ഞ വാക്കുകൾ ഒന്നും മാറ്റി പറയേണ്ടി വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.
ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
Content Highlights: VD Satheesan has strongly criticized the government for granting bail to Unnikrishnan Potty, the main accused in the Sabarimala gold robbery case