

തിരുവനന്തപുരം: ഇത്തവണത്തെ കേന്ദ്ര ബജറ്റിലും എയിംസ് പ്രഖ്യാപനമുണ്ടാകാത്തതിൽ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. 2024 ൽ പറഞ്ഞത് അടുത്ത പ്രഖ്യാപനത്തിൽ എയിംസ് ഉണ്ടാകുമെന്നാണെന്നും എന്നാൽ രണ്ട് ബജറ്റ് കഴിഞ്ഞിട്ടും പ്രഖ്യാപനമുണ്ടായില്ലെന്നും വീണാ ജോർജ് പറഞ്ഞു. എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ സമർപ്പിച്ച ശേഷം ലഭിച്ച കത്തിന്റെ പ്രസക്തഭാഗങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോടാണ് എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. 2024 ൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കത്ത് ലഭിച്ചിരുന്നു. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ ഉൾപ്പെടെ കേരളം സമർപ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരുന്നത് കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നായിരുന്നു. അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിൻ്റെ എയിംസ് ഉൾപ്പെടുമെന്നും പറഞ്ഞിരുന്നു. വീണ്ടും രണ്ട് ബജറ്റ് കഴിഞ്ഞിട്ടും എയിംസ് കണ്ടില്ലെന്നും വീണാ ജോർജ് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട് . ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ ഉൾപ്പെടെ കേരളം സമർപ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു.എയിംസ് കണ്ടില്ല സർ!
സംസ്ഥാനം ഭൂമി കൊടുക്കാത്തത് കൊണ്ടാണ് എയിംസ് അനുവദിക്കാത്തതെന്ന ന്യായീകരണമായിരുന്നു ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇത്തരത്തിൽ വലിയ ചർച്ചകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശീദീകരണം. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നത്. ബജറ്റിൽ കേരളം തഴയപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രിക്കെതിരെയും വിമർശനം ശക്തമാകുകയാണ്.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂർണ നിരാശയായിരുന്നു. കേരളം ഏറെ പ്രതീക്ഷവെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽ സംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്. വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. സെൻസെക്‌സ് ആയിരത്തിലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Content Highlights: Health Minister Veena George clarifies allegation based on aiims in facebook post