

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും ഇത്തവണയും എയിംസ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രതികരണത്തിനും കെ സി വേണുഗോപാൽ മറുപടി നൽകി. രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്ന് ചോദിച്ച കെ സി വേണുഗോപാൽ, കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടതെന്നും പറഞ്ഞു. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് സമ്പൂർണ നിരാശയാണ് കേന്ദ്ര ബജറ്റ് സമ്മാനിച്ചത്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്. അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
Content Highlights: AICC General Secretary KC Venugopal MP criticize Union Budget 2026