

കൊച്ചി: ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. റെയ്ഡും നടപടികളും നിയമപരമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച സാക്ഷികളുടെ സാന്നിധ്യത്തിനായിരുന്നു മൊഴിയെടുപ്പ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴിയെടുപ്പിന് ശേഷം സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. ഇന്നലെ മൊഴിയെടുത്തിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ ആരോപണം തള്ളുന്നതാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വിശദീകരണം. റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പ് ഉടന്‍ ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കും.
റോയിയുടെ മരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണെന്ന് ആരോപണം ശക്തമാണ്. കുടുംബവും സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ പൊലീസ് കുടുംബത്തിന്റെയും ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.
അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്. റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പമാണെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോവുകയായിരുന്നു റോയി. വാതില്‍ കുറ്റിയിട്ടതിന് ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജോസഫ് പറഞ്ഞിരുന്നു.
ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവ് പറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതലാണ് ഐ ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നുമാണ് അബില്‍ ദേവ് പറഞ്ഞത്.
റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു ആരോപിച്ചു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlights: raid and Legal IT Explanation in Roy death