പത്മഭൂഷണ്‍ മെെക്രോഫിനാൻസിലൂടെ പാവങ്ങളെ സഹായിച്ചതിന്; ഈഴവന്റെ വോട്ടിന് കോട്ടയത്ത് വിലവേണം: വെള്ളാപ്പള്ളി

പാര്‍ലമെന്ററി മോഹം ഇല്ല. അങ്ങനെ ഒരു ആഗ്രഹം തോന്നിയാല്‍ തന്നെ ഊളംപാറയില്‍ കൊണ്ടുപോകണം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

പത്മഭൂഷണ്‍ മെെക്രോഫിനാൻസിലൂടെ പാവങ്ങളെ സഹായിച്ചതിന്; ഈഴവന്റെ വോട്ടിന് കോട്ടയത്ത് വിലവേണം: വെള്ളാപ്പള്ളി
dot image

കോട്ടയം: മെെക്രോ ഫിനാന്‍സിലൂടെ പാവങ്ങളെ സഹായിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മഭൂഷണ്‍ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരസ്‌കാരം ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിച്ചതില്‍ അഹങ്കാരമോ കിട്ടിയില്ലെങ്കില്‍ ദുഃഖമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പാര്‍ലമെന്ററി മോഹം ഇല്ല. അങ്ങനെ ഒരു ആഗ്രഹം തോന്നിയാല്‍ തന്നെ ഊളംപാറയില്‍ കൊണ്ടുപോകണം. തന്നെ ഹീറോ ആക്കിയത് സമുദായ അംഗങ്ങളാണ്. ഈഴവരുടെ വോട്ടിന് കോട്ടയത്ത് വിലയില്ല. അതിന് വിലയുണ്ടെന്ന് കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂട്യൂബ് ചാനലുകള്‍ക്ക് കാശ് കൊടുത്ത് ചില മത സംഘടനകള്‍ തനിക്കും സമുദായത്തിനും എതിരെ പലതും പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

അറിവുള്ളവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിക്കൊണ്ടുപ്പോകുന്നു. ഇത് പറയുമ്പോള്‍ വര്‍ഗീയത പറയുന്നുവെന്നാണ് പറയുന്നത്. ജാതി പറയരുതെന്ന് പറഞ്ഞ ഗുരുദേവന് മുന്നില്‍ നിര്‍ത്തി ഈഴവരെ തളര്‍ത്താന്‍ ശ്രമിക്കുന്നു. ഗുരു മന്ദിരങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കണം. എന്തുകൊണ്ട് തരുന്നില്ല. തന്നാല്‍ എന്താണ് കുഴപ്പം. കര്‍ണാടക സര്‍ക്കാര്‍ ഗുരുമന്ദിരം പണിയാന്‍ രണ്ട് ലക്ഷം നല്‍കി. ഇവിടെ നമുക്ക് എന്താണ് നല്‍കുന്നത്. ഇതിനെല്ലാം കാരണം നമ്മള്‍ ഒരുമിച്ച് അല്ല എന്നുള്ളതാണ്. വരും കാലം എങ്കിലും നമ്മുടേത് ആവണം. സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്തത് മന്ത്രി വാസവന്‍ മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശിച്ചു.

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു സമിതി ആരോപിച്ചത്. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി നടേശൻ. പണം കൊടുത്താണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Padma Bhushan for helping the poor through microfinance said vellappally Natesan

dot image
To advertise here,contact us
dot image