

തിരുവനന്തപുരം: ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹിമാന്‍. പദ്ധതി ആര് കൊണ്ടുവന്നാലും കേരളം സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍ പറയുന്നതും സര്‍ക്കാര്‍ അംഗീകരിച്ചതും ഒരേ പദ്ധതിയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. മറ്റ് പ്രചാരണങ്ങള്‍ ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. 'കെ റെയില്‍ എന്നതിന്റെ പേര് മാത്രമേ മാറ്റിയിട്ടുളളൂ. അതിവേഗ പാത എന്ന ആശയം മാറ്റിയിട്ടില്ല. സില്‍വര്‍ ലൈനും പുതിയ പദ്ധതിയും തമ്മില്‍ വ്യത്യാസമില്ല. ഏത് പദ്ധതി ആയാലും വലിയ ശ്രമങ്ങള്‍ നടത്തേണ്ടിവരും. ചെലവഴിക്കേണ്ടിവരും. അതിവേഗ പാത വേണമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും സമ്മതിച്ചിരിക്കുന്നു. അതുതന്നെ വലിയ മാറ്റമാണ്': വി അബ്ദുറഹിമാന്‍ പറഞ്ഞു.
ഇ ശ്രീധരനുമായി തര്‍ക്കത്തിനില്ലെന്നും കേരളത്തിന് വേണ്ടത് അതിവേഗ റെയില്‍വേ ആണെന്നുമാണ് കെ വി തോമസ് പറഞ്ഞത്. അദ്ദേഹത്തിന്റെ ആശയത്തെ എതിര്‍ക്കുന്നില്ലെന്നും ഇ ശ്രീധരന്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിനുളള സ്വാധീനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കട്ടെ എന്നും കെ വി തോമസ് പറഞ്ഞു. 'എതിര്‍പ്പല്ല പിന്തുണ മാത്രമാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ പ്രൊപ്പോസലാണ് മുഖ്യമന്ത്രി തന്നെ കേന്ദ്രത്തിന് നല്‍കിയത്. ആര്‍ആര്‍ടിഎസ് പ്രായോഗികമല്ലെന്ന ഇ ശ്രീധരന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് റെയില്‍വേ മന്ത്രാലയമാണ്. ഇ ശ്രീധരന്‍ വലിയ ആളാണ്. ഈ രംഗത്ത് പരിചയ സമ്പന്നനായ വ്യക്തി. മുഖ്യമന്ത്രി അദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ല. ഇ ശ്രീധരന്‍ തന്ന പ്രൊപ്പോസലിനെ സര്‍ക്കാര്‍ പിന്തുണച്ചതേയുളളു': കെ വി തോമസ് പറഞ്ഞു.
കേന്ദ്ര ബജറ്റ് സമ്മേളനത്തില്‍ കേരളത്തില്‍ ഏത് പാതയാണന്ന് തീരുമാനമാകുമെന്നും സില്‍വര്‍ ലൈന്‍, അതിവേഗ റെയില്‍വേ, ആര്‍ആര്‍ടിഎസ് എന്നീ മൂന്ന് പദ്ധതികളും തമ്മില്‍ വ്യത്യാസമില്ലെന്നും കെ വി തോമസ് പറഞ്ഞു. മൂന്നില്‍ ഏത് വന്നാലും കേരളം കൈ നീട്ടി സ്വീകരിക്കും. അനുമതി നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ്. വന്ദേഭാരത് വന്നപ്പോള്‍ ആളുകള്‍ക്ക് അതിവേഗ റെയില്‍വേ വേണമെന്നായി. സില്‍വര്‍ ലൈന്‍ ഒരു ആശയമാണ്. ഇ ശ്രീധരന്റെ പ്രൊപ്പോസലുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ പ്രൊപ്പോസലുമുണ്ട്. ഏത് വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. കേരളത്തിന് വേണ്ടത് അതിവേഗ റെയില്‍വേ ആണ്': കെ വി തോമസ് പറഞ്ഞു.
കെ റെയില്‍ ഒറ്റയ്ക്ക് നടപ്പാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇതായിരുന്നില്ല സ്ഥിതി എന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. നമുക്ക് വേണ്ടത് ഹൈസ്പീഡ് കണക്ടിവിറ്റി ആണെന്നും കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിക്കുമെങ്കില്‍ അത് സ്വീകരിക്കാമെന്നും പി രാജീവ് പറഞ്ഞു. ഇ ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തി എന്ന ഉത്തരവുണ്ടോ എന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ അത് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്രം ഇ ശ്രീധരനൊപ്പമാണ്. ഡിപിആര്‍ തയ്യാറാക്കുന്നത് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് എന്നാണ് റിപ്പോര്‍ട്ട്. അതിവേഗ റെയില്‍ പാതയ്ക്ക് കേന്ദ്ര ബജറ്റില്‍ തുക നീക്കിവെക്കുമെന്നാണ് സൂചന. കേരളത്തിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിയുമായി റെയില്‍വേയ്ക്ക് ബന്ധമില്ല. ആര്‍ആര്‍ടിഎസ് പദ്ധതി നഗരവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
Content Highlights: E Sreedharan-RRTS dispute; Minister V Abdurahman says all projects are the same