ബെംഗളൂരുവില്‍ 6000 രൂപക്ക് ആദ്യ ഭൂമി വാങ്ങിയ സി ജെ റോയ്: ഇന്ന് വില ഏക്കറിന് 18 കോടി; ആവേശം പറഞ്ഞ കഥ

ഒരു സമയത്ത് അറബ് ലോകത്തെ ഇന്ത്യൻ ബിസിനസുകാരുടെ ഫോബ്സ് പട്ടികയിൽ സിജെ റോയ് 14-ാം സ്ഥാനത്ത് എത്തിയിരുന്നു

ബെംഗളൂരുവില്‍ 6000 രൂപക്ക് ആദ്യ ഭൂമി വാങ്ങിയ സി ജെ റോയ്: ഇന്ന് വില ഏക്കറിന് 18 കോടി; ആവേശം പറഞ്ഞ കഥ
dot image

ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ഇന്‍കം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്തുവെന്ന വാർത്ത വലിയ ഞെട്ടലാണ് മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം തലയിലേക്ക് സ്വയം വെടിയുതിർക്കുകയായിരുന്നു. ഐ ടി വകുപ്പ് ഉദഗ്യോഗസ്ഥർ തന്നെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയൽ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടൈൻമെന്റ്, വിദ്യാഭ്യാസം, ഗോൾഫിംഗ്, റീട്ടെയിൽ, ഇന്റർനാഷണൽ ട്രേഡിങ്ങ് (ബിൽഡിംഗ് മെറ്റീരിയൽസ്) തുടങ്ങിയ മേഖലകളിലെല്ലാം സാന്നിധ്യം അറിയിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും സജീവമാണ്. ഒരു സമയത്ത് അറബ് ലോകത്തെ ഇന്ത്യൻ ബിസിനസുകാരുടെ ഫോബ്സ് പട്ടികയിൽ സിജെ റോയ് 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവും അന്താരാഷ്ട്ര ആസ്ഥാനം ദുബായിയുമാണ്.

മലയാളിയാണെങ്കിലും ബെംഗളൂരുവിലായിരുന്നു സിജെ റോയിയുടെ പ്രധാന പ്രവർത്തന മേഖല. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി എച്ച്പിയില്‍ പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം സ്വന്തം കമ്പനി ആരംഭിച്ചു. 2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളരുന്നത്. ബെംഗളൂരുവിലേക്കുള്ള തന്‍റെ വരവിനേയും അന്ന് വാങ്ങിയ സ്ഥലത്തേക്കുറിച്ചുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ അദ്ദേഹം വിശദമായി പറയുകയും ചെയ്യുന്നുണ്ട്.

അവേശം സിനിമയിലെ നായകന്‍ രംഗണ്ണന്‍ പറഞ്ഞത് പോലൊരു കഥയാണ് സി ജെ റോയിയുടെ ജീവിതത്തിലും സംഭവിച്ചത്. '2000ത്തിലാണ് ഞാന്‍ സർജാപൂരിലേക്ക് വരുന്നത്. വൈറ്റ്ഫീല്‍ഡിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് സർജാപൂർ. ആടുകള്‍ മേയുന്ന ഒരു കുഗ്രാമായിരുന്നു അന്ന്. ആദ്യമായി ബെംഗളൂരുവില്‍ ഞാന്‍ ഒരു സ്ഥലം മേടിക്കുന്നത് അവിടെയാണ്.' സിജെ റോയ് പറയുന്നു.

ഏക്കറിന് 6 ലക്ഷം രൂപയായിരുന്നു വില. അതായത് ഒരു സെന്റിന് 6000 രൂപ. ഇന്ന് അവിടെ വില സെന്റിന് 18 ലക്ഷം രൂപയാണ്. അതായത് ഏക്കറിന് 18 കോടി രൂപ. 300 ഇരട്ടിയിലേറെയാണ് വില വർധിച്ചത്. ഒരു നഗരത്തിന്‍റെ പ്രാന്തപ്രദേശത്താണ് വികസന സാധ്യത കൂടുതല്‍ എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അതില്‍ വിശ്വസിച്ചാണ് സർജാപൂരിലെ ആ ഭൂമി വാങ്ങിച്ചത്.

'ബ്രാന്‍‌ഡ് സർജാപൂർ' എന്ന പരസ്യമായിരുന്നു അന്ന് നല്‍കി. വിമാനത്താവളത്തിന്‍റെ പരിസരത്ത് അന്ന് ഏക്കറിന് 25 ലക്ഷമായിരുന്നു. ഇപ്പോള്‍ അത് 6 കോടിയിലേക്ക് എത്തി. സർജാപൂർ 6 ലക്ഷത്തില്‍ നിന്നും 18 കോടിയിലേക്ക് എത്തി. ആവേശത്തില്‍ പറഞ്ഞ ആ ഒരു കാര്യം സത്യമാണ്. യഥാർത്ഥത്തില്‍ ആ ബിസിനസ് എനിക്ക് വലിയ ലാഭം തന്നു.

ബെംഗളൂരുവില്‍ തന്നെ 300 ലേറെ ഏക്കർ വരുന്ന ഭൂമിയിൽ ഗോള്‍ഫ് കോഴ്സിനായി നിക്ഷേപം നടത്തിയിരുന്നു. ബംഗളൂരുവിൽ നിന്ന് ഏകദേശം 60 മിനിറ്റ് ദൂരത്തിൽ, 330 ഏക്കർ വിസ്തീർണമുള്ള ഗോൾഫ് കോഴ്സും വില്ലാ കമ്മ്യൂണിറ്റിയും ഉൾപ്പെടുന്ന ഡ്രീം പ്രോജക്ടിനാണ് രൂപം കൊടുത്തത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഫ് കോഴ്സ് പദ്ധതികളിലൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി എച്ച്പിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിജെ റോയ് സ്വന്തം കമ്പനി ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കമ്പനി വമ്പന്‍ വളര്‍ച്ച നേടിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേക്ക് അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു. സ്വന്തം നിലപാടുകളും തീരുമാനങ്ങളും കൊണ്ട് റിയല്‍ എസ്റ്റേറ്റ് വ്യനസായത്തില്‍ വലിയ വളര്‍ച്ചയാണ് അദ്ദേഹം നേടിയത്.

165 ലധികം ആഡംബര പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍, വാണിജ്യ സമുച്ചയങ്ങള്‍, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സിജെ റോയ് സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു.

2000ല്‍ ലോകമൊട്ടാകെയും യുഎസിലുമുണ്ടായ ഡോട്ട് കോം കുമിളയെന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ബിസിനസുകള്‍ തിരിച്ചടി നേരിട്ടപ്പോള്‍ അതിനെതിരെ നീന്തി മുന്നേറിയ സി ജെ റോയ് പിന്നീട് കാലെടുത്ത് വച്ചത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കാണ്. റിയല്‍ എസ്റ്റേറ്റ് പോലുള്ള നിക്ഷേപ-ഭാരമുള്ള ബിസിനസുകളെ ബാധിക്കുന്ന പലിശ കുരുക്കുകളും കടബാധ്യതകളും വിജയകരമായി അദ്ദേഹം മറികടന്നു.

Content Highlights: CJ Roy purchased his first piece of land in Bengaluru for just ₹6,000. Today, that same land is valued at a staggering ₹18 crore per acre, making it an incredible success story of growth and investment in the real estate market.

dot image
To advertise here,contact us
dot image