

തിരുവനന്തപുരം: ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുളള കിറ്റെക്‌സ് ഗാര്‍മെന്റ് കോടികളുടെ നികുതി വെട്ടിച്ചു. ജിഎസ്ടി ഓഡിറ്റിങിനിടെയാണ് നിയമലംഘനം കണ്ടെത്തിയത്. 6 കോടി 12 ലക്ഷം രൂപയാണ് കിറ്റെക്‌സ് കമ്പനി വെട്ടിച്ചത്. 2018 മുതല്‍ 2022 വരെയുളള കാലയളവിലായിരുന്നു വെട്ടിപ്പ്. സാബു എം ജേക്കബ് അടച്ചത് 88,000 രൂപ മാത്രം. ജിഎസ്ടി പണം തിരിച്ചുപിടിക്കാനുളള ശ്രമം തുടരുകയാണ്. കിറ്റെക്സ് കമ്പനിയുടെ രണ്ടാമത്തെ നിയമലംഘനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാബു എം ജേക്കബ് കോടികളുടെ നികുതിവെട്ടിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകൾ റിപ്പോർട്ടർ ടിവിയ്ക്ക് ലഭിച്ചു. കിറ്റെക്‌സ് കമ്പനി നിക്ഷേപകരെ പറ്റിച്ചതിന് സെബി പിഴ ചുമത്തിയതിന്റെയും തുക അടച്ചതിന്റെയും രേഖകൾ റിപ്പോർട്ടർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കമ്പനിക്കെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതി സമയ ബന്ധിതമായി പരിഹരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സെബി നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ജനുവരിയില്‍ 11 ലക്ഷം രൂപയാണ് കിറ്റെക്‌സ് കമ്പനി പിഴ ഒടുക്കിയത്. ട്വന്റി 20 എന്‍ഡിഎയിലേക്ക് പോയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് പിന്നാലെയാണെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എന്നാല്‍ പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിക്കാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് മുതലാളിയും ട്വന്റി 20 പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് വെല്ലുവിളിച്ചിരുന്നു.
ഇ ഡി നോട്ടീസ് ലഭിച്ച വിവരം സാബു എം ജേക്കബ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്സിന്റെ ബാലന്‍സ് ഷീറ്റാണ് ഇ ഡി ചോദിച്ചതെന്നും അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു. വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട വസ്തുക്കളുടെ പേയ്‌മെന്റ് കിട്ടാനുണ്ടോ എന്നത് ഇ ഡി നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. ഇ ഡി നോട്ടീസില്‍ പരാമര്‍ശിച്ച എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതുവരെ ഒരു സാമ്പത്തിക തിരിമറിയോ പിഴയോ കിറ്റക്സിനുമേല്‍ ഉണ്ടായിട്ടില്ല. മൂന്ന് തവണ തന്നോട് ഹാജരാകാന്‍ പറഞ്ഞുവെന്നത് കളവാണ്. തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രണ്ട് നിയമലംഘനങ്ങളുടെ രേഖകൾ പുറത്തുവന്നിരിക്കുന്നത്.
Content Highlights: Kitex company involved in massive fraud; Sabu M Jacob found to have evaded taxes worth crores