കിറ്റെക്‌സ് നിക്ഷേപകരെ പറ്റിച്ചു, സെബി പിഴ ചുമത്തി, 11 ലക്ഷം രൂപ അടച്ചു; രേഖകൾ പുറത്ത് വിട്ട് റിപ്പോർട്ടർ

കമ്പനിക്കെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതി സമയ ബന്ധിതമായി പരിഹരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സെബി നടപടികളിലേക്ക് കടന്നത്

കിറ്റെക്‌സ് നിക്ഷേപകരെ പറ്റിച്ചു, സെബി പിഴ ചുമത്തി, 11 ലക്ഷം രൂപ അടച്ചു; രേഖകൾ പുറത്ത് വിട്ട് റിപ്പോർട്ടർ
dot image

ആലപ്പുഴ: കിറ്റെക്‌സ് കമ്പനി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന്. കിറ്റെക്‌സ് കമ്പനി നിക്ഷേപകരെ പറ്റിച്ചതിന് സെബി പിഴ ചുമത്തിയതിന്റെയും തുക അടച്ചതിന്റെയും രേഖകളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. കമ്പനിക്കെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതി സമയ ബന്ധിതമായി പരിഹരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സെബി നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ജനുവരിയില്‍ 11 ലക്ഷം രൂപയാണ് കിറ്റെക്‌സ് കമ്പനി പിഴ ഒടുക്കിയത്.

ട്വന്റി 20 എന്‍ഡിഎയിലേക്ക് പോയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് പിന്നാലെയാണെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എന്നാല്‍ പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിക്കാന്‍ കിറ്റക്സ് ഗ്രൂപ്പ് മുതലാളിയും ട്വന്റി 20 പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് വെല്ലുവിളിച്ചിരുന്നു.

അതേസമയം ഇ ഡി നോട്ടീസ് സാബു എം ജേക്കബ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ബാലന്‍സ് ഷീറ്റാണ് ഇ ഡി ചോദിച്ചതെന്നും അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു. വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട വസ്തുക്കളുടെ പേയ്‌മെന്റ് കിട്ടാനുണ്ടോ എന്നത് ഇ ഡി നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

ഇ ഡി നോട്ടീസില്‍ പരാമര്‍ശിച്ച എല്ലാകാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതുവരെ ഒരു സാമ്പത്തിക തിരിമറിയോ പിഴയോ കിറ്റക്സിനുമേല്‍ ഉണ്ടായിട്ടില്ല. മൂന്ന് തവണ തന്നോട് ഹാജരാകാന്‍ പറഞ്ഞുവെന്നത് കളവാണ്. തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Evidence has reportedly emerged indicating legal violations by Sabu M Jacob’s Kitex company

dot image
To advertise here,contact us
dot image