

തിരുവനന്തപുരം: കേരളത്തിന് എതിരായ കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ധന മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അവസാന ബജറ്റ് പ്രസംഗം. കേരളത്തെ ശ്വാസംമുട്ടിക്കാന്‍ അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാല്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ കവര്‍ന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇന്ത്യയില്‍ വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നു. ജിഎസ്ടി പരിഷ്‌കരണത്തില്‍ 800 കോടി രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര പദ്ധതിയിലെ കേന്ദ്ര വിഹിതം കുറച്ചു. തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ടായിരം കോടി അധികം കണ്ടത്തേണ്ട സ്ഥിതിയാണ്. നികുതി വരുമാനവും വായ്പാ പരിധിയും വെട്ടികുറയ്ക്കുന്നു. തനത് വരുമാനത്തിന്റെ പ്രധാന സ്രോതസായ ജിഎസ്ടിയില്‍ പോലും കുറവ് വരുത്തി', മന്ത്രി പറഞ്ഞു.
കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പഞ്ഞു. ദുരന്തകാലത്ത് ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങള്‍ക്ക് തണലായ തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു. കേരളത്തിന്റെ വിഹിതം കേന്ദ്രം കുത്തനെ വെട്ടിക്കുറയ്ക്കുന്നു. കേന്ദ്ര ആനുകൂല്യം വാങ്ങാന്‍ ഒത്തൊരുമ ഇല്ല. കേന്ദ്ര അവഗണനയുടെ വാര്‍ത്ത ആഘോഷിക്കുന്ന സ്ഥിതിയുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര അവഗണന ഉണ്ടായിട്ടും എങ്ങനെ പിടിച്ചുനിന്നു എന്നാണ് ചിലര്‍ക്ക് കുണ്ഠിതമെന്നും എന്നാല്‍ കേന്ദ്ര അവഗണന ഇല്ലായിരുന്നെങ്കില്‍ കേരളം എങ്ങനെ വളരും ആയിരുന്നു എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. നികുതിയേതര വരുമാനത്തില്‍ അഭിമാനമുള്ള വളര്‍ച്ചയുണ്ടായെന്നും അതായിരുന്നു ധനമന്ത്രിയുടെ കയ്യിലെ മാന്ത്രികദണ്ഡെന്നും മന്ത്രി പറഞ്ഞു. 1,52,645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവര്‍ഷംകൊണ്ട് പിരിച്ചെടുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാരിനെ ധനപരമായി പിടിച്ചു കെട്ടാനുളള ശ്രമം ഉണ്ടാകുമെന്ന ആദ്യമേ തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ചെലവ് ക്രമീകരിച്ചും തനത് വരുമാനം വര്‍ധിപ്പിച്ചും പ്രതിരോധ കോട്ട കെട്ടി. അതുകൊണ്ടാണ് കേന്ദ്ര അവഗണനക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. വികസന ചെലവുകളുടെ കാര്യത്തില്‍ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര അവഗണന പാരമ്യത്തിലായെന്ന് ആവര്‍ത്തിച്ചു.
കേരളം സാമ്പത്തിക അഭിവൃദ്ധിയുടെ ടേക്ക് ഓഫ് ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും മത രാഷ്ട്രീയ വാദികളായ വിഷ സര്‍പ്പങ്ങള്‍ ആണ് ഇതിനുപിന്നിലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. തീക്കട്ടയില്‍ ഉറുമ്പരിക്കില്ല. ഒരു മത ജാതി വിഭാഗവും ഞങ്ങള്‍ക്ക് അപരരല്ലെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Budget 2026, Finance minister K N Balagopal against central government s attitude towards Kerala in his Budget speech