

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും സമിതി ആരോപിച്ചു. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി. പണം കൊടുത്താണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പുരസ്‌കാരം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകി. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും. ലോക്ഭവന് മുന്നിൽ ധർണ നടത്തുമെന്നും സമിതി കൂട്ടിച്ചേർത്തു.
'പട്ടിക്കു പോലും വേണ്ടാത്ത അവാർഡാണ് പത്മ അവാർഡ് എന്ന് പറഞ്ഞ് അവാർഡിനെ അവഹേളിച്ച നിരവധി തട്ടിപ്പു കേസുകളിലെ പ്രതി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ അവാർഡ് നൽകി രാജ്യത്തിൻ്റെ യശസ്സിന് കളങ്കം വരുത്തിയതിനെതിരെ എസ്എൻഡിപി സംരക്ഷണ സമിതി ആരംഭിക്കുന്ന നിയമനടപടിക്ക് തുടക്കം കുറിച്ച്, വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പത്മഭൂഷൺ അവാർഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കേരള മുഖ്യമന്തിക്കും കേരള ചീഫ് സെക്രട്ടറിക്കും തെളിവുകളോടെ ഇന്ന് നിവേദനം നൽകി', എസ്എന്‍ഡിപി സംരക്ഷണ സമിതി ചെയർമാൻ എസ് ചന്ദ്രസേനൻ വ്യക്തമാക്കി.
അതേസമയം, തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അവസാനം അത് പൂമാലയാകാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തനിക്ക് പത്മഭൂഷണ്‍ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവര്‍ ഉണ്ട്. ശരിയെന്ന് തോന്നുന്നതേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരം ലഭിച്ചു. അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചതെങ്കില്‍ സംഘടനാ പ്രവര്‍ത്തനവും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്താണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിട്ടല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപിയുമായുള്ള എന്‍എസ്എസ് ഐക്യനീക്കം പെട്ടെന്ന് തകരാനുണ്ടായതിന്റെ കാരണം വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്‍എസ്എസുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ച നടത്തുമെന്ന് പറഞ്ഞതിന് ശേഷം പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചാല്‍ സംശയം തോന്നാതിരിക്കുന്നത് എങ്ങനെയെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ ചോദിച്ചത്. എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നുമായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം.
Content Highlights: sndp samarasamithi demands withdrawal of vellappally natesan padma bhushan