

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി അല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം വായിച്ചവര്‍ അങ്ങനെ പറയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
'സി വി വര്‍ഗീസ് അങ്ങനെ പറയും എന്ന് കരുതുന്നില്ല. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടില്ല. പിണറായിയും കോടിയേരിയുമാണ് ഞങ്ങളെ മുന്നണിയില്‍ കൊണ്ടുവന്നത്. കത്തോലിക്കാ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ല', ജോസ് കെ മാണി പറഞ്ഞു. മുന്നണി മാറ്റത്തില്‍ പാര്‍ട്ടി മുമ്പ് നിലപാട് അറിയിച്ചതാണെന്നും ചില വാര്‍ത്തകര്‍ മാധ്യമ സൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ മുന്നണി മാറില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സി വി വര്‍ഗീസിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റിയില്‍ സി വി വര്‍ഗീസ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.
ശരിയായ നിലപാടെടുക്കാന്‍ റോഷി അഗസ്റ്റിന് സിപിഐഎമ്മാണ് പിന്‍ബലം നല്‍കിയതെന്നും സി വി വര്‍ഗീസ് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്നും ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും അദ്ദേഹം പറയുന്നുണ്ട്.
Content Highlights: Jose K Mani addressed an audio message by CV Varghese that raised questions about a potential alliance change within Kerala Congress M.