'ഞങ്ങളെ അപമാനിക്കാന്‍ വേണ്ടി ചെന്നിത്തല ഭീഷ്മരെ അപമാനിച്ചത് മോശമായിപ്പോയി': മുഖ്യമന്ത്രി

ഏതൊക്കെ തരത്തിലുളള പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും അതൊന്നുംകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

'ഞങ്ങളെ അപമാനിക്കാന്‍ വേണ്ടി ചെന്നിത്തല ഭീഷ്മരെ അപമാനിച്ചത് മോശമായിപ്പോയി': മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: മരണം കാത്തുകിടക്കുന്ന ഭീഷ്മരെപ്പോലെയാണ് ഈ സര്‍ക്കാരെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തല എന്തിനാണ് ഭീഷ്മരെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് ഭീഷ്മരെന്നും തങ്ങളെ അപമാനിക്കാന്‍ വേണ്ടി അദ്ദേഹത്തെ അപമാനിച്ചത് മോശമായിപ്പോയി എന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാഭാരത കഥയും മുഖ്യമന്ത്രി ഉദ്ധരിച്ചു. 'ചെന്നിത്തല എന്തിനാണ് ഭീഷ്മരെ അപമാനിക്കാന്‍ ശ്രമിച്ചത്? ആവശ്യത്തിന് വേണ്ടി അല്‍പ്പം ഒന്ന് വളച്ചൊടിച്ചതാണ്. മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് ഭീഷ്മര്‍. ശത്രുക്കളാണെങ്കിലും അവരൊക്കെ തമ്മില്‍ കാണിക്കുന്ന ഒരു മര്യാദയുണ്ട്. ഏതൊക്കെ തരത്തിലുളള പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും അതൊന്നുംകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ഇവിടെ നടപ്പാവില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാത്ര തുടരുന്നത്'; മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷം ജനപക്ഷത്താണെന്നും തങ്ങളെ ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കപട ആത്മവിശ്വാസമല്ലെന്നും ശരിയായ ആത്മവിശ്വാസമാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളെ ഒരു ഘട്ടത്തിലും എന്തെങ്കിലും പറഞ്ഞ് വ്യാമോഹിപ്പിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് തല്‍ക്കാലം തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ട ഉണ്ടായിട്ടില്ല. ചെയ്യാന്‍ കഴിയുന്നത് എന്താണോ അതേ പറഞ്ഞിട്ടുളളു. നാടിന് നല്ല നില വന്നപ്പോള്‍ പ്രതിപക്ഷത്തിന് അലോസരം. അവര്‍ കാണുന്നണ് മഹാന്ധകാരമുളള ഭാവി. പ്രതിപക്ഷം രാഷ്ട്രീയ നിസ്സഹായതയിലാണുളളത്. ജനങ്ങളുടെ മനസില്‍ ചോദ്യമുയരുന്നത് പ്രതിപക്ഷത്തിന് നേര്‍ക്കാണ്. പ്രതിപക്ഷത്തിന്റെ നിലപാടില്ലായ്മയും അസത്യ പ്രചാരണവുമാണ് അതിന് വഴിവയ്ക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മതമാണ് മതമാണ് പ്രശ്‌നം എന്ന് ലീഗിന്റെ നേതൃനിരയില്‍പ്പെട്ട ഒരാള്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഒരു നേതാവില്‍ നിന്നും കേള്‍ക്കാത്ത പ്രസ്താവനയായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഉത്തരായനത്തിൽ എത്തിയാൽ മരണം സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പോടെ ഈ സർക്കാരിന്റെ അന്ത്യംകുറിക്കും എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. 'പല തവണ നിയമസഭയിൽ വന്ന ആളാണ് ഞാന്‍. എന്നാൽ കഴിഞ്ഞ ദിവസം എന്താണ് ഇവിടെ നടന്നത്. ഗവർണർ ഒരു പ്രസംഗം വായിക്കുന്നു. അദ്ദേഹത്തെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി വേറൊരു പ്രസംഗം വായിക്കുന്നു. പാർലമെൻററി രാഷ്ട്രീയത്തിൽ പരസ്പരം പാലിക്കേണ്ട മര്യാദകൾ പാലിക്കുന്നില്ല. ഗവർണറും അവരും തമ്മിൽ യുദ്ധമാണെന്ന് നാട്ടുകാരെ ബോധിപ്പിക്കാനുള്ള പടുവേലയാണിത്' എന്നാണ് ചെന്നിത്തല പറഞ്ഞത്.

Content Highlights: pinarayi vijayan against ramesh chennithala remark on bhishma

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us