ഭക്ഷണരീതിയും കുടുംബപാരമ്പര്യവും മാത്രമല്ല അമിത രക്തസമ്മർദത്തിന് കാരണമാകുന്നത് ചില ശീലങ്ങളും! ഡോക്ടർ പറയുന്നു

നിങ്ങള്‍ പുറത്തുപോയി വ്യായാമം ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ശുദ്ധവായു അല്ലെങ്കില്‍ എന്ത് സംഭവിക്കും?

ഭക്ഷണരീതിയും കുടുംബപാരമ്പര്യവും മാത്രമല്ല അമിത രക്തസമ്മർദത്തിന് കാരണമാകുന്നത് ചില ശീലങ്ങളും! ഡോക്ടർ പറയുന്നു
dot image

ഗവേഷകരും ഡോക്ടർമാരും ദീർഘകാലമായി പറയുന്ന കാര്യമാണ് സോഡിയം കൂടിയ ഭക്ഷണക്രമവും കുടുംബപാരമ്പര്യവുമാണ് അമിത രക്തസമ്മർദത്തിന്റെ പ്രധാന കാരണങ്ങളെന്ന് ചിലപ്പോഴെങ്കിലും ആരോഗ്യവിദ്ഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റായ ഡോ സുധീർ കുമാർ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെടുത്തുകയാണ്. ദൈന്യദിന ജീവിതത്തിലെ ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്.

ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റായ ഡോ സുധീർ കുമാർ പറയുന്നത് സാധാരണയായ ഹാനികരമല്ല എന്ന നമ്മൾ തന്നെ വിശ്വസിക്കുന്ന പല ശീലങ്ങളും പതിയെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്നാണ്. ദിവസേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ആഗീരണം ചെയ്യുന്ന സമ്മർദവും പിരിമുറുക്കവും തള്ളിക്കളയുന്ന അല്ലെങ്കിൽ കാര്യമായി ശ്രദ്ധിക്കാത്ത മനോഭാവമാണ് ഭൂരിഭാഗം പേർക്കുമുള്ളത്.

ഗതാഗത കുരുക്കിൽ കുടുങ്ങിയുള്ള സമ്മർദം നിറഞ്ഞ ഡ്രൈവിങ്, പലരും മനസിലാക്കാതെ പോകുന്ന ട്രിഗറാണെന്നാണ് ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കിടയിലെ സംഘർഷത്തിൽ ശരീരത്തിൽ നിരന്തരമായി ഉയരുന്ന അഡ്രിനാലിന്റെ അളവ് താത്കാലികമായി രക്തസമ്മർദം ഉയർത്താം. ഇത് വർഷങ്ങൾ കഴിയുമ്പോൾ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതുമാത്രമല്ല അമിതമായി വായുമലിനീകരണമുള്ള ഇടമാണ് വ്യായാമത്തിനായി നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിലും പ്രശ്‌നമാണ്. വായുവിന്റെ ഗുണനിലവാരം കുറവുള്ളയിടം വീക്കത്തിനും ഓക്‌സിഡേറ്റീവ് സ്ട്രസിനും ഇടയാക്കും. വായു മലിനീകരണമുള്ള ദിവസങ്ങളിൽ രക്തസമ്മർദം ഏറുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ പുറത്ത് പോയുള്ള വർക്ക്ഔട്ടുകളെ കുറിച്ച് ചിന്തിക്കുമ്പോൾ വായുവിന്റെ ഗുണനിലവാരം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Hypertension

നീണ്ട ജോലി സമയം, നിരന്തരമായി അമിതമായി ജോലി ചെയ്യുന്ന രീതി എന്നിവ ഉയർന്ന അളവിലുള്ള രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായുള്ള സമ്മർദവും ഇതിൽ നിന്നും മുക്തിനേടാൻ കഴിയാത്തതും ഹൃദയധമനികളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. മാത്രമല്ല ദീർഘനേരം ഒരിടത്ത് ഇരുന്ന് ജോലി ചെയ്യുന്നത് മെറ്റബോളിക്ക് പ്രവർത്തനങ്ങളെയും രക്തകുഴലുകളെയും ബാധിക്കും. ഇരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടെ എഴുന്നേൽക്കുകയും അനങ്ങുകയും ചെയ്യുന്നത് രക്തസമ്മർദം കൂടുന്നുന്നത് തടയും.

നിരന്തരമായ ഉത്കണ്ഠ, വിട്ടുമാറാത്ത മാനസിക സമ്മർദം, സ്വന്തമായുള്ള ഉയർന്ന പ്രതീക്ഷകൾ എന്നിവയും ഡോക്ടർ പറയുന്ന ലിസ്റ്റിലുണ്ട്. ഇത്തരം സ്വഭാവരീതികൾ സ്ട്രസ് ഹോർമോണിന്റെ അളവ് ഉയർത്തുകയും ഇത് റെസ്റ്റിങ് ബ്ലഡ് പ്രഷർ ഉയരാനും കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. വിശ്രമവേളയിൽ അല്ലെങ്കിൽ റിലാക്‌സ്ഡായ സമയമുള്ള രക്തസമ്മർദത്തേയാണ് റെസ്റ്റിങ് ബ്ലഡ് പ്രഷർ എന്ന് വിളിക്കുന്നത്.

തീർന്നില്ല, ഏകാന്തതയും ദുർബലമായ സാമൂഹിക പിന്തുണയും കാർഡിയോ വാസ്‌ക്കുലാർ റിസ്‌ക്ക് ഉയർത്തും. സാമൂഹികമായ ബന്ധം കുറയുന്നത് സിമ്പതറ്റിക്ക് നെർവസ് സിസ്റ്റത്തിന്റെ പ്രവർത്തനം ഉയരാൻ കാരണമാകും. ഇത് ബിപി നില ഉയർത്തും. ഇതിനൊപ്പം ഉറക്കം കൂടുന്നതും കുറയുന്നതും മറ്റൊരു ഘടകമാണ്. ഉപ്പ് അമിതമായി ശരീരത്തിൽ എത്തുന്നതിന് പുറമേ പഞ്ചസാരയുടെ ഉപയോഗം ഇൻസുലിന്റെ അളവിൽ ഉയർച്ച ഉണ്ടാക്കുന്നത് സിമ്പതറ്റിക്ക് നെർവസ് സിസ്റ്റത്തെ ആക്ടിവേറ്റ് ചെയ്യും. നാനൂറ് മില്ലിഗ്രാമിൽ അധികം കഫീൻ ശരീരത്തിലെത്തുന്നത് താത്കാലികമായി രക്തസമ്മർദത്തിന്റെ അളവ് ഉയർത്തും. മദ്യവും രക്തസമ്മർദത്തിന്റെ അളവിനെയും ഉറക്കത്തെയും സ്വാധീനിക്കും. മാത്രമല്ല സ്ട്രസ് ഹോർമോൺ പ്രവർത്തനങ്ങൾ ഉയരുകയും ചെയ്യും. പാക്കേജ്ഡ് ആഹാരങ്ങളായ സൂപ്പ്, സോസ്, സ്‌നാക്ക്‌സ് എന്നിവയിൽ അടങ്ങിയ അമിതമായ അളവിലുള്ള സോഡിയവും രക്തസമ്മർദം കൂടാനൊരു കാരണമാണ്.

പുകവലിക്കുന്നവർക്കും മറ്റുള്ളവർ പുകവലിക്കുമ്പോൾ സമീപത്ത് നിന്ന് ആ പുക ശ്വസിക്കുന്നവർക്കും രക്തസമ്മർദം കൂടും. ഇത് ധമനികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുള്ള കാരണങ്ങൾ മൂലമല്ല അമിതമായ രക്തസമ്മർദം ഉണ്ടാകുന്നത്. ഇത് പതിയെപതിയെയാണ് പിടിമുറുക്കുക. ദൈന്യദിന ശീലങ്ങളാണ് ഇതിനെ സ്വാധീനിക്കുന്ന പ്രധാനഘടകം.

'ട്രിഗറുകൾ മനസിലാക്കാം, ശീലങ്ങൾ കൃത്യമാക്കാം. ഇതോടെ നിങ്ങളുടെ ധമനികൾ നിങ്ങളോട് നന്ദി പറയു'മെന്നാണ് ഡോക്ടർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്.


Content Highlights: apollo hospital doctor warns there are some daily behaviours which influence hypertension

dot image
To advertise here,contact us
dot image