

കൊല്ലം: മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സ്വീകരിക്കാന്‍ മാവേലിക്കര സബ് ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായാണ് ജയിലില്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ തിരികെ മടങ്ങി. ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് റിനോ പി രാജൻ.
അടൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവും റിനോയ്‌ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. അതേസമയം രാഹുലിന്റെ ജാമ്യ ഉത്തരവുമായി ബന്ധു ജയിലില്‍ എത്തിരാഹുലിന്റെ ചെറിയച്ഛന്‍ ആണ് മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ജയിലിന് പുറത്തിറങ്ങി.
പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
അതേസമയം ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നും കോടതി നിരീക്ഷിച്ചു. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്‌സ് ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
Content Highlights: Youth Congress state general secretary Rino P Rajan arrived at the jail to receive Rahul Mamkootathil MLA