

പാലക്കാട്: തിരക്കേറിയ റോഡിലിരുന്ന് സ്ത്രീയുടെ നിസ്‌കാരം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് സംഭവം. കുടുംബ സ്വത്തിനെക്കുറിച്ചുളള തര്‍ക്കം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് റോഡില്‍ നിസ്‌കരിച്ചതെന്നാണ് സ്ത്രീയുടെ വിശദീകരണം. ഇവരെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശിയാണ് സ്ത്രീ.
ഇന്ന് ഉച്ചയോടെയായിരുന്നു നടുറോഡില്‍ 'പ്രതിഷേധ' രൂപത്തിലുളള നിസ്‌കാരം. ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് നടുവില്‍ റോഡിലിരുന്ന് നിസ്‌കരിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. പൊലീസും വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവര്‍മാരും ഇടപെട്ട് ഇവരെ റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കാനാണ് നടുറോഡില്‍ നിസ്‌കരിച്ചത്. പ്രശ്‌നം പരിഹരിക്കാനാവാത്തതില്‍ മാനസികമായി വിഷമത്തിലായിരുന്നു യുവതി.
Content Highlights:Woman prayer on busy road in Palakkad; Police take her into custody