മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കടങ്ങള്‍ സർക്കാർ ഏറ്റെടുക്കും;സുപ്രധാന തീരുമാനം മന്ത്രിസഭയിൽ

18 കോടി 75 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കടങ്ങള്‍ സർക്കാർ ഏറ്റെടുക്കും;സുപ്രധാന തീരുമാനം മന്ത്രിസഭയിൽ
dot image

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് ദുരന്തബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചത്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് ഏറ്റെടുക്കുക. ദുരന്തബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഇതിനായുള്ള തുക വകമാറ്റുക. 555 ഗുണഭോക്താക്കളുടെ കടമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആകെ 1620 ലോണുകളാണ് ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതി തള്ളിയ 93 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

'ആറ് മേഖലയില്‍ ഉള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹതപ്പെട്ടവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ അറിയിക്കാം. കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് കാണിച്ചത്. കേരളത്തോടുള്ള പക പോക്കല്‍ ആണ് കേന്ദ്ര നടപടി. തെരഞ്ഞെടുപ്പിന് മുന്നേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും', മന്ത്രി വ്യക്തമാക്കി.

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ദുരന്തബാധിതരുടെ കടങ്ങള്‍ സംബന്ധിച്ചുള്ള കൃത്യ കണക്ക് ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2005ലെ പാര്‍ലമെന്റ് പാസാക്കിയ ദുരന്തര നിവാരണ നിയമം പ്രകാരം കടങ്ങള്‍ എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട സന്ദര്‍ഭത്തില്‍ കത്ത് നല്‍കി. എന്നാല്‍ ഹൈക്കോടതി സ്വമേധായ എടുത്ത കേസില്‍ കടങ്ങള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയുണ്ടായെന്നും ഈ നിയമത്തിന്റെ 13ാം റദ്ദാക്കിയതായി സോളിസിറ്റര്‍ ജനറല്‍ കോടതി മുമ്പാകെ പറഞ്ഞെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വപരമായ നടപടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: The Kerala government has announced that loans taken by victims of the Mundakkai–Churalmala disaster will be written off

dot image
To advertise here,contact us
dot image