

കണ്ണൂർ: പയ്യന്നൂരിൽ അനുനയനക്കവുമായി പി ജയരാജൻ. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നൻറെ വീട്ടിൽ പി ജയരാജൻ എത്തി. പ്രസന്നൻ എന്നയാളുടെ വീട്ടിലാണ് പി ജയരാജൻ എത്തിയത്. ഇന്ന് കാലത്ത് പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു.
'പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്. പ്രസന്നൻ ആയിരുന്നു പ്രകടനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. പയ്യന്നൂർ എംഎൽഎ ആയ ടി ഐ മധുസൂദനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വെളിപ്പെടുത്തൽ വലിയ വിവാദങ്ങളിലേക്കാണ് കണ്ണൂരിലെ പാർട്ടിയെ കൊണ്ടെത്തിച്ചത്. പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തത്.
Content Highlights: P Jayarajan at home of kunjikrishnan supporter after his vehicle gets torched