

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം നിഷേധിച്ച് ആരോഗ്യവകുപ്പ്. ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. മരണപ്പെട്ട ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ല. ചികിത്സ നല്‍കിയതിലും പിഴവുണ്ടായിട്ടില്ല. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ അയച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു. ജില്ലാ തല വിജിലന്‍സ് ഓഫീസര്‍ ഡോ. അനില്‍കുമാര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.
ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞിരുന്നു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ബിസ്മീറുമായി ചെല്ലുമ്പോള്‍ ഡോക്ടറും നഴ്‌സും ഉറക്കത്തിലായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയത്. വാതില്‍ തുറന്ന് ഡോക്ടര്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാന്‍ നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം വരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഭർത്താവിൻ്റെ മരണത്തിൽ ആശുപത്രി അധികൃതർ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.
Content Highlights: health department denies allegation of youth death due to treatment delay at vilappilsala chc