ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി

പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി
dot image

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും. മറ്റ് വ്‌ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്‌ക്കെതിരായ നടപടി. എന്നാല്‍ തനിക്ക് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.


Content Highlights: Deepak bus issue death shimjitha bail application rejected

dot image
To advertise here,contact us
dot image