ക്യാപ്റ്റന്‍ ഉള്‍പ്പെടെ മുങ്ങാന്‍ പോകുന്ന കപ്പലാണ് അത്; ശശി തരൂർ അതില്‍ കയറുമെന്ന് തോന്നുന്നില്ല'

ശശി തരൂര്‍ മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് തോന്നുന്നില്ലെന്നും മുരളീധരന്‍

ക്യാപ്റ്റന്‍ ഉള്‍പ്പെടെ മുങ്ങാന്‍ പോകുന്ന കപ്പലാണ് അത്; ശശി തരൂർ അതില്‍ കയറുമെന്ന് തോന്നുന്നില്ല'
dot image

തിരുവനന്തപുരം: ശശി തരൂര്‍ സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരന്‍. ശശി തരൂര്‍ മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ക്യാപ്റ്റന്‍ അടക്കം മുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.

'അദ്ദേഹം ആ പാര്‍ട്ടിയില്‍ പോവുമെന്ന് ഏപ്രില്‍ ഒന്നാം തീയതി മാത്രമേ പറയാന്‍ പറ്റൂ. ശശി തരൂരിനുണ്ടായ പ്രയാസം രാഹുല്‍ ഗാന്ധി തന്നെ സംസാരിച്ച് പരിഹരിക്കും. ശശി തരൂര്‍ കോണ്‍ഗ്രസിന് ഒപ്പം ഉണ്ടാവും. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ല. ക്യാപ്റ്റന്‍ അടക്കം മുങ്ങാന്‍ പോകുന്ന കപ്പലാണ് ഇത്. ഏപ്രില്‍ ഒന്നാം തീയതി മാത്രം പറയാനാകുന്ന കാര്യമാണിത്', കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്നും മഹാ പഞ്ചായത്തില്‍ തരൂരിന്റെ പേര് പരാമര്‍ശിക്കാത്തതില്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് എഴുതി നല്‍കിയ പേരുകളാണ് വായിച്ചത്. രാഹുല്‍ ഗാന്ധി മനപ്പൂര്‍വം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാല്‍ ഗൗരവമായി പാര്‍ട്ടി കാണും. രണ്ട് ദിവസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും. അദ്ദേഹത്തിന്റെ പ്രയാസം പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങള്‍ക്കൊന്നും ഇത് പ്രശ്‌നമല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മപുരസ്കാര നേട്ടത്തെ അദ്ദേഹം പരോക്ഷമായി തള്ളുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനെ കുറിച്ച് ചോദിച്ചപ്പോള്‍ മൂന്ന് പത്മാ പുരസ്‌കാരങ്ങള്‍ മാത്രം സ്വാഗതാര്‍ഹമെന്നായിരുന്നു മുരളീധരന്റെ മറുപടി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നല്‍കിയ മരണാനന്തര ബഹുമതി പൊതുപ്രവര്‍ത്തനം എന്ന നിലയിലുള്ള അംഗീകാരമാണെന്നും മുരളീധരന്‍ പറഞ്ഞു. കലാ രംഗത്തേക്കുള്ള അംഗീകാരവും സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും ദുരുദ്ദേശങ്ങള്‍ ജനം മനസ്സിലാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ക്ഷണിക്കാത്തതില്‍ മുരളീധരന്‍ നീരസം പരസ്യമാക്കി. ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് പോയപ്പോള്‍ തങ്ങളെയൊക്കെ ഒഴിവാക്കിയെന്നും അതില്‍ ഒന്നും പരാതി പറഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണം. തെരഞ്ഞെടുപ്പ് ജയിക്കണം, അതിനാലാണ് പ്രതികരിക്കാത്തതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് കെ മുരളീധരന്റെ വാക്ക് കൂടെ കേള്‍ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Content Highlights: K Muraleedharan mock indirectly about Pathma award to Vellappally Natesan

dot image
To advertise here,contact us
dot image