'ഒറ്റുകാര്‍ക്ക് മാപ്പില്ല, കടക്ക് പുറത്ത്'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റര്‍

എന്നാല്‍ കുഞ്ഞികൃഷ്ണനെ പിന്തുണച്ചുള്ള ഫ്‌ളക്‌സുകളും പയ്യന്നൂരില്‍ ഉയരുന്നുണ്ട്.

'ഒറ്റുകാര്‍ക്ക് മാപ്പില്ല, കടക്ക് പുറത്ത്'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റര്‍
dot image

കണ്ണൂര്‍: പയ്യന്നൂരില്‍ പാർട്ടി നേതൃത്വത്തിനെതിരെ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റര്‍. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. 'ഒറ്റുകാര്‍ക്ക് മാപ്പില്ല, കടക്ക് പുറത്ത്' എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. അതേസമയം തന്നെ കുഞ്ഞികൃഷ്ണനെ പിന്തുണച്ചുള്ള ഫ്‌ളക്‌സുകളും പയ്യന്നൂരില്‍ ഉയരുന്നുണ്ട്. അന്നൂരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ട്, ഇനിയും മുന്നോട്ട്' എന്ന വാചകങ്ങളുള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്. വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം തന്നോടൊപ്പമുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ ഇതിനെ ഒരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പക്ഷെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി വി കുഞ്ഞികൃഷ്ണന്‍ തന്റെ ആരോപണം വീണ്ടും ശക്തമാക്കിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പ്രഖ്യാപനം. ആരോപണ വിധേയനായ ടി മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Content Highlights: Poster against CPIM leader V Kunjikrishnan in Payyannur on ongoing controversy

dot image
To advertise here,contact us
dot image