

കോട്ടയം: ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പുതുപ്പള്ളിയില്‍ വികസനം ഇല്ലാത്ത ഒമ്പത് വര്‍ഷക്കാലം എന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്കാണ് മറുപടി. വികസനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. തിരുവഞ്ചൂരില്‍ വെച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്കുള്ള അനുമോദന യോഗത്തില്‍ ആയിരുന്നു മറുപടി.
നിങ്ങളുടെ നാട്ടില്‍ ഇത്രയും വികസനമുണ്ടോ. അഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പുതുപ്പള്ളിയില്‍ ഉണ്ട്. ഗണേഷ് കുമാറിന്‍റെ നാട്ടിലുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ഗണേഷ് കുമാറിനോട് ചോദിച്ചു. സര്‍ക്കാരിന് പുതുപ്പള്ളിയോട് അവഗണനയാണെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. ഇതൊന്നും പബ്ലിസിറ്റി ചെയ്ത് നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മനും ഗണേഷ് കുമാറും നേരത്തെ പരസ്പരം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്നെയും മക്കളെയും ദ്രോഹിച്ച് രണ്ടാക്കിയതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കെ ബി ഗണേഷ് കുമാര്‍ ആണെന്ന് ചാണ്ടി ഉമ്മനും ആരോപിച്ചു.
'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്നേഹിച്ചത്. എന്നിട്ടും സോളാര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
ഇതിന് മറുപടിയായാണ് ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. 'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു' എന്നായിരുന്നു കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ ബാലകൃഷ്ണപ്പിളളയുടെ കുടുംബവുമായി തന്റെ കുടുംബത്തിന് അത്രയ്ക്ക് അടുത്ത ബന്ധമായിരുന്നെന്നും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത് ശരിയാണോ എന്ന് ഗണേഷ് കുമാര്‍ സ്വയം ആലോചിക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍ മറുപടി നല്‍കി. ഗണേഷിനെക്കുറിച്ച് വലിയ സ്വപ്നങ്ങളായിരുന്നു തങ്ങള്‍ക്കെന്നും ആ പ്രതീക്ഷ തെറ്റിയോ എന്നാണ് താന്‍ ചോദിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പറഞ്ഞ് വന്നപ്പോള്‍ ഗണേഷ് കുമാറിന് ചിലപ്പോള്‍ നാക്കുപിഴ പറ്റിയതായിരിക്കാമെന്നും അദ്ദേഹം മനസാക്ഷിയോട് ചോദിക്കട്ടെയെന്നും ചാണ്ടി പറഞ്ഞു.
Content Highlights: Oommen chandy replied to K B Ganesh Kumar about developments in Puthuppally