

തിരുവനന്തപുരം: കമലേശ്വരത്തെ അമ്മയുടെയും മകളുടെയും മരണത്തില്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള 'ഗേ' ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തി. ഉണ്ണികൃഷ്ണന് കൂടുതല്‍ താല്‍പര്യം ആണ്‍സുഹൃത്തുക്കളോടാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന.
ഉണ്ണികൃഷ്ണനെതിരെ കഴിഞ്ഞ ദിവസമാണ് ഗ്രീമയുടെ കുടുംബം പൊലീസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറിയത്. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചതിന്റെയും തെളിവുകളാണ് ഗ്രീമയുടെ കുടുംബം പൊലീസിന് കൈമാറിയത്. ഉണ്ണികൃഷ്ണന്‍ കൂടുതലും ആണ്‍കുട്ടികള്‍ക്ക് ഒപ്പം സമയം പങ്കിടാന്‍ താല്‍പര്യം കാണിച്ചതായി ഗ്രീമയുടെ ബന്ധുക്കള്‍ പറഞ്ഞു. ഗ്രീമ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന അവഗണന ഭര്‍ത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
കടുത്ത അവഗണന നേരിട്ടിട്ടും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ല. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചു. ഈ സമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആറ് വര്‍ഷത്തിനിടെ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ജീവിച്ചത് 25 ദിവസങ്ങള്‍ മാത്രമാണെന്നും പൊലീസ് പറയുന്നു. ഉണ്ണികൃഷ്ണന്‍ അംഗമായിട്ടുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 21നായിരുന്നു ഗ്രീമയേയും അമ്മ സജിതയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇവര്‍ എഴുതിയ കുറിപ്പുകള്‍. തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണന്റെ കൈകളില്‍ എത്തരുതെന്ന് ഗ്രീമ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. 'ഒരു പെണ്ണിന്റെ ശാപം വീണതാണ് ഈ സ്വത്തുക്കള്‍. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്‍മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത്. എന്റെ മാമന്‍മാര്‍ അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള്‍ എല്ലാവരും കൂടി ദയവായി മുന്‍കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്', എന്നായിരുന്നു ഗ്രീമയുടെ കുറിപ്പില്‍ പറഞ്ഞത്.
താനും മകളും ജീവനൊടുക്കാന്‍ കാരണം ഉണ്ണികൃഷ്ണനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സജിതയുടെ കുറിപ്പ്. ആറ് വര്‍ഷത്തോളം മകള് നേരിട്ടത് കടുത്ത അവഗണനയും മാനസിക പീഡനവുമാണെന്ന് സജിത പറഞ്ഞിരുന്നു. മകള്‍ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്കതായ കാരണങ്ങളൊന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും മടുത്തുവെന്നും സജിത പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്കും ഇവര്‍ ഒരു സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
Content Highlights- Greema’s family has raised allegations against Unnikrishnan, stating that he was active in gay groups and showed greater interest in male friends