കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി

ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍

കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി:  പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി
dot image

കൊല്ലം: അഞ്ചലില്‍ ഇഎസ്‌ഐ ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി . സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് ആശുപത്രി അടച്ച് ഡോക്‌റും സംഘവും പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയത് വിവാദമാകുന്നതിന് ഇടയിലാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെ യാത്ര. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.

ഏറെ വൈകിയാണ് ബിസ്മീറിനും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നാണ് ആരോപണം. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

ബിസ്മീറുമായി ചെല്ലുമ്പോള്‍ ഡോക്ടറും നഴ്സും ഉറക്കത്തിലായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയത്. വാതില്‍ തുറന്ന് ഡോക്ടര്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാന്‍ നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം വരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിന്‍ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി ആശുപത്രി വരാന്തയില്‍ ഏറെ നേരെ കാത്തിരിക്കുന്ന ബിസ്മീറിന്റെയും ഭാര്യയുടെയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ശ്വാസതടസ്സംമൂലം ബുദ്ധിമുട്ടുന്ന ബിസ്മീറിനെ കാണാമായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights: Doctor and employees closed hospital and went wedding of their co worker

dot image
To advertise here,contact us
dot image