ശബരിമല സ്വർണക്കൊള്ള കേസ്; മൊഴിയുടെ പകർപ്പുകൾ ഇ ഡിക്ക് നൽകാൻ എസ്ഐടി, നിയമ തര്‍ക്കം ഒഴിവാക്കാൻ നീക്കം

ഇഡി ആവശ്യപ്പെടുന്ന മൊഴികള്‍ മാത്രമായിരിക്കും എസ്‌ഐടി കൈമാറുക

ശബരിമല സ്വർണക്കൊള്ള കേസ്; മൊഴിയുടെ പകർപ്പുകൾ ഇ ഡിക്ക് നൽകാൻ എസ്ഐടി, നിയമ തര്‍ക്കം ഒഴിവാക്കാൻ നീക്കം
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴിയുടെ പകര്‍പ്പുകള്‍ ഇഡിക്ക് കൈമാറാന്‍ എസ്‌ഐടി തീരുമാനം. ഇഡി ആവശ്യപ്പെടുന്ന മൊഴികള്‍ മാത്രമായിരിക്കും എസ്‌ഐടി കൈമാറുക. ഉണ്ണികൃഷ്ണന്‍ പോറ്റി, കണ്ഠരര് രാജീവര്, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ മൊഴിയുടെ വിശദരൂപമാണ് നിലവില്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാമര്‍ശിക്കുന്ന മൊഴികള്‍ മാത്രമാണ് ഇഡി ആവശ്യപ്പെടുന്നതെന്നാണ് വിവരം. നിയമ തര്‍ക്കം ഒഴിവാക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇഡി ഉദ്യോഗസ്ഥര്‍ നാളെ ഓഫീസിലെത്തി മൊഴിയുടെ പകര്‍പ്പുകള്‍ വാങ്ങും. എസ്‌ഐടി, ഇഡി ഉദ്യോഗസ്ഥര്‍ തമ്മില്‍ വിശദമായി സംസാരിക്കുകയും ചെയ്യും. ഇ ഡി ആവശ്യപ്പെടുന്ന എല്ലാ മൊഴികളും നല്‍കണമെന്ന് എഡിജിപി എച്ച് വെങ്കിടേഷ്, എസ്പി ശശിധരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടുതല്‍ തെളിവിനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചോദ്യം ചെയ്യല്‍.

വാതിലില്‍ നിന്ന് സ്വര്‍ണം കവര്‍ന്നോയെന്നതിലും എസ്ഐടി വ്യക്തത തേടി. എന്നാല്‍ വാതിലില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചിട്ടില്ലെന്നാണ് പോറ്റി മൊഴി നല്‍കിയത്. കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. എസ്ഐടി പോറ്റിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലായിട്ട് 90 ദിവസമാകാനിരിക്കെയാണ് എസ്ഐടിയുടെ പുതിയ നീക്കം. ഫെബ്രുവരി ഒന്നിന് കട്ടിളപ്പാളി കേസില്‍ 90 ദിവസമാവും.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ദേവപ്രശ്‌നം മറയാക്കിയെന്ന നിഗമനത്തിലാണ് എസ്‌ഐടി. 2018-ലെ ദേവപ്രശ്‌നം ഇതിനായി മറയാക്കിയെന്നാണ് നിഗമനം. പത്തോളം ദൈവജ്ഞരുടെ മൊഴിയെടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ആറാട്ടുത്സവത്തിന് ആനയിടഞ്ഞതിന് ശേഷമാണ് ദേവപ്രശ്‌നം നടത്തിയത്.

ദേവപ്രശ്‌നം സ്വാഭാവികമായുണ്ടായെങ്കിലും പിന്നീട് മറയാക്കിയെന്നാണ് വിവരം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവും ഉയര്‍ന്നെന്നാണ് കണ്ടെത്തല്‍. ഇതാരുടെ ആവശ്യമായിരുന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തും. അന്നുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും.

Content Highlight; Sabarimala gold theft case; SIT to provide copies of statements to ED

dot image
To advertise here,contact us
dot image