'രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സംശയം, തുഷാറിനെ അയക്കാനുള്ള തീരുമാനവും കാരണം': SNDP ഐക്യം വേണ്ടെന്ന് സുകുമാരൻ നായർ

വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോകുന്നതെന്നും ജി സുകുമാരന്‍ നായര്‍

'രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സംശയം, തുഷാറിനെ അയക്കാനുള്ള തീരുമാനവും കാരണം': SNDP ഐക്യം വേണ്ടെന്ന് സുകുമാരൻ നായർ
dot image

കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി യോഗം ഐക്യമില്ലെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യവുമായി മുന്നോട്ട് പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ പ്രഖ്യാപനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് ഡയറക്ടര്‍ ബോഡിയില്‍ തീരുമാനമെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'സമദൂരത്തിന് എതിരെയാണ് ഈ ഐക്യമെന്ന് തോന്നി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നു. ഐക്യമില്ലെന്ന് തീരുമാനിച്ചതില്‍ തുഷാറിനെ എന്റെ അടുത്തേക്ക് അയക്കാനുള്ള തീരുമാനവും ഒരു കാരണമാണ്', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. താന്‍ തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവര്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. മകനാകട്ടെ, ആരും ആകട്ടേ, ഐക്യ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവിനെ എന്റെ അടുത്തേക്ക് അയക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്. അതിന് പിന്നില്‍ എന്താണ് അര്‍ത്ഥമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മറ്റ് നിലപാടുകളില്‍ മാറ്റമില്ല. എല്ലാ പാര്‍ട്ടികളോടും സമുദായത്തോടും സമദൂര നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ ലഭിച്ചത് നല്ല കാര്യമാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം കൈകൊണ്ടത്. എന്‍എസ്എസ് എസ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനമെങ്കിലും എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗത്തില്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പിന്നാലെ ഈ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചിരുന്നു. 'ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും', എന്നായിരുന്നു ജി സുകുമാരന്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ ഐക്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Content Highlights: NSS General Secretary G Sukumaran Nair about SNDP-NSS unity issue

dot image
To advertise here,contact us
dot image