ഞാനും മമ്മൂട്ടിയും ജനിച്ചത് ഒരേ മാസം; മമ്മൂട്ടിയുടെ അതേ സ്റ്റാന്‍ഡേര്‍ഡിൽ എനിക്കും അവാർഡ് കിട്ടി:വെള്ളാപ്പള്ളി

'ചിങ്ങമാസത്തിലെ വിശാഖത്തില്‍ ജനിച്ച തങ്ങള്‍ രണ്ട് പേര്‍ക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്'

ഞാനും മമ്മൂട്ടിയും ജനിച്ചത് ഒരേ മാസം; മമ്മൂട്ടിയുടെ അതേ സ്റ്റാന്‍ഡേര്‍ഡിൽ എനിക്കും അവാർഡ് കിട്ടി:വെള്ളാപ്പള്ളി
dot image

ആലപ്പുഴ: പത്മഭൂഷണ്‍ ലഭിച്ചതില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍ ലഭിച്ചതായാണ് അറിയുന്നത്. തങ്ങള്‍ രണ്ട് പേരും ജനിച്ചത് ഒരേ മാസവും ഒരേ നാളിലുമാണ്. ചിങ്ങമാസത്തിലെ വിശാഖത്തില്‍ ജനിച്ച തങ്ങള്‍ രണ്ട് പേര്‍ക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. മമ്മൂട്ടിയുടെ അതേ സ്റ്റാന്‍ഡേര്‍ഡില്‍ തനിക്ക് പുരസ്‌കാരം ലഭിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മാവേലിക്കരയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയുന്നത്. തനിക്ക് പുരസ്‌കാരം നല്‍കുന്നതിന് നീക്കം നടക്കുന്നതായി അറിഞ്ഞിരുന്നില്ല. പുരസ്‌കാരം താന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഗുരുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കിട്ടിയ അവാര്‍ഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അവാര്‍ഡിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അവാര്‍ഡിനായി താന്‍ ശ്രമിച്ചിട്ടില്ല. അതേപ്പറ്റി ഒന്നും അറിയില്ല. അവാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന് തനിക്ക് തന്നെ സംശയമുണ്ട്. അവാര്‍ഡിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. സമുദായം ഏല്‍പ്പിച്ച കാര്യങ്ങള്‍ സത്യസന്ധമായി ചെയ്യുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തനിക്കെതിരെ വിമര്‍ശനങ്ങളുടെ മുനകളുണ്ടായിരുന്നു. തത്ക്കാലം ആ മുന ഒടിഞ്ഞു. ഇനിയും ആ മുന മുര്‍ച്ഛിച്ച് വരാം. വിവാദങ്ങള്‍ വേതാളങ്ങളായി ഇനിയും വന്നുകൊണ്ടിരിക്കും. അവര്‍ അവരുടെ കര്‍മ്മം ചെയ്യട്ടെ. താന്‍ തന്റെ കര്‍മ്മം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Vellappally stated that he and actor Mammootty were born in the same month and said he had received an award of the same standard as Mammootty

dot image
To advertise here,contact us
dot image