

കല്‍പറ്റ: ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും ടി സിദ്ദിഖ് പറഞ്ഞു. അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, സിപിആര്‍, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെയും അതിനെ നയിക്കുന്നവരുടെയും പരാജയമാണെന്ന് സിദ്ദിഖ് പറഞ്ഞു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണെന്നും സിദ്ദിഖ് പറഞ്ഞു.
ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തര ഇടപെടലുകള്‍ നടന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ അടക്കം വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം. പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം. ഭയത്തിന്റെ ഇടങ്ങളാകരുത്. ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ട് പിഞ്ചുമക്കളുടെ അച്ഛനാണ്… 'രക്ഷിക്കണേ' എന്ന് ആ മനുഷ്യന്‍ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല! വിളപ്പില്‍ശാല ഗവണ്‍മെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്. അയാളുടെ ഭാര്യ ജീവന്‍ കയ്യില്‍ പിടിച്ച് കരഞ്ഞപ്പോഴും ആരുടെയും മനസ്സലിഞ്ഞില്ല..!
നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലര്‍ച്ചെ 1.30ന് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിസ്മീര്‍. എന്നാല്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ പോലും മിനിറ്റുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും കൃത്യമായ ചികിത്സ നല്‍കാനോ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനോ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്ന് ഭാര്യ സുബൈദ കണ്ണീരോടെ പറഞ്ഞത് വെറുമൊരു വൈകാരിക വാക്കല്ലെന്ന് സിസിടിവി ദൃശ്യം കണ്ടവര്‍ക്ക് ബോധ്യമാകും.
ആശുപത്രിയുടെ ഗേറ്റ് പോലും തുറന്ന് കൊടുക്കാന്‍ മടി കാണിച്ചവര്‍ അവസാനം ഒരു കസേരയില്‍ ഇരുത്തി ചോദ്യങ്ങള്‍ ചോദിച്ച് 'Golden Hour' കളഞ്ഞ് കുളിച്ചു. നിര്‍ണായക സമയം നഷ്ടപ്പെടുത്തുന്നത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. Life-Saving First Aid / CPR നല്‍കാനോ ഡോക്ടറോ നഴ്‌സുമാരോ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചപ്പോഴും ആംബുലന്‍സില്‍ കൂടെ പോകാന്‍ ഒരാള്‍ പോലുമില്ലായിരുന്നു. ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തും മുന്‍പേ മക്കളുടെ മുഖങ്ങള്‍ ഓര്‍ത്ത് ആ ജീവന്‍ ആമ്പുലന്‍സില്‍ പൊലിഞ്ഞു. പ്രിയതമയുടെ നിലവിളിയും കണ്ണീരും സാക്ഷി.
അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, ഇജഞ, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെ പരാജയമാണ്. അതിനെ നയിക്കുന്നവരുടെ പരാജയമാണ്.
മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും, ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണ്.
ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തര ഇടപെടലുകള്‍ നടന്നില്ല, എന്തുകൊണ്ട് ഒരു trained medical staff പോലും ആംബുലന്‍സില്‍ ഉണ്ടായില്ല. ഇവക്ക് വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം.
പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം, ഭയത്തിന്റെ ഇടങ്ങളാകരുത്. ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു പുലര്‍ച്ചെ അനുഭവിക്കേണ്ടി വരരുത്. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗവിഷയമല്ല. അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണ്.
Content Highlights T Siddique stated that public health should not be treated as a topic for speeches alone but as a serious issue concerning the value of human life.