

തിരുവനന്തപുരം : മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് കഴിയും. പുതിയ നിയമം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. നിയമലംഘനങ്ങള്‍ നടത്തിയാൽ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും അതിനുശേഷം കർശന നടപടി എടുക്കും. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ നടത്തുന്നതും തടയും. കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.
എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും ചലാനിൽ പരാതിയുണ്ടെങ്കിൽ ഉടമ തന്നെ കോടതിയെ സമീപിക്കണം. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ചുമതലയും ഉടമയ്ക്കുണ്ട്. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.
45 ദിവസത്തിനുള്ളില്‍ ചലാന്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അത് കുറ്റസമ്മതമായി കണക്കാക്കും. 45 ദിവസത്തിനുള്ളില്‍ അത്തരം വ്യക്തികള്‍ തുക അടയ്ക്കണം. ചലാനിൽ പരാതി സമര്‍പ്പിച്ചാല്‍ അത് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ ചെലാന്‍ റദ്ദാക്കും. പരാതി നിരസിക്കപ്പെട്ടാല്‍ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. പരാതി നല്‍കിയ വ്യക്തി വീണ്ടും കോടതിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെലാന്‍ തുകയുടെ 50% നിക്ഷേപിക്കണം.
Content Highlight : Strict action for traffic violations: Driving licence to be cancelled after five challans in a year. Vehicles that repeatedly violate the law will be blacklisted.