വിഴിഞ്ഞത്തിൻ്റെ ശില്‍പി ഉമ്മൻ ചാണ്ടി: ഉദ്ഘാടന വേദിയില്‍ മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് വി ഡി സതീശൻ

'2014ന് മുന്‍പ് പദ്ധതിക്ക് ആവശ്യമായ 90ശതമാനം സ്ഥലങ്ങളും ഏറ്റെടുത്തിരുന്നെങ്കിലും അതിന് ശേഷം ഈ പ്രവര്‍ത്തികള്‍ മന്ദഗതിയിലായി'

വിഴിഞ്ഞത്തിൻ്റെ ശില്‍പി ഉമ്മൻ ചാണ്ടി: ഉദ്ഘാടന വേദിയില്‍ മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് വി ഡി സതീശൻ
dot image

തിരുവനന്തപുരം: വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞത്തിന്റെ ശില്‍പിയും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതും ഉമ്മന്‍ ചാണ്ടിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 2014ന് മുന്‍പ് പദ്ധതിക്ക് ആവശ്യമായ 90 ശതമാനം സ്ഥലങ്ങളും ഏറ്റെടുത്തിരുന്നെങ്കിലും അതിന് ശേഷം ഈ പ്രവര്‍ത്തികള്‍ മന്ദഗതിയിലായി. എവിടെയാണ് നമുക്ക് കുറവ് സംഭവിച്ചത് എന്ന് മനസിലാക്കി അക്കാര്യങ്ങള്‍ കൂടി പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കപ്പുറം വിഴിഞ്ഞം പദ്ധതിയെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന വികസനമാക്കി മാറ്റാന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഏറ്റവും വലിയ മാറ്റമുണ്ടാകാന്‍ വിഴിഞ്ഞം തുറമുഖത്തെ നമുക്ക് മാറ്റിയെടുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്. കേരളം മുഴുവന്‍ ഒരുമിച്ച് നിന്ന് സഹകരിച്ചുകൊണ്ട് ഈ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്‌നര്‍ ശേഷി 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി മാറും. ക്രൂയിസ് കപ്പലുകള്‍ക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍വാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlight; VD Satheesan commemorates the former Chief Minister at the Vizhinjam port inauguration ceremony

dot image
To advertise here,contact us
dot image