മങ്കാത്ത റീ റിലീസിനിടെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് അജിത് ഫാൻസ്‌, ചിതറിയോടി പ്രേക്ഷകർ; വൈറലായി വീഡിയോ

ആരാധകരുടെ അതിരുവിട്ട ഇത്തരം ആഘോഷങ്ങൾ മറ്റു പ്രേക്ഷകരെയും അപകടത്തിലാക്കും എന്നാണ് കമന്റുകൾ

മങ്കാത്ത റീ റിലീസിനിടെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് അജിത് ഫാൻസ്‌, ചിതറിയോടി പ്രേക്ഷകർ; വൈറലായി വീഡിയോ
dot image

അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ സിനിമയാണ് മങ്കാത്ത. ചിത്രത്തിൽ വിനായക് മഹാദേവ് എന്ന വില്ലൻ കഥാപാത്രത്തെയാണ് അജിത് അവതരിപ്പിച്ചത്. റിലീസ് ടൈമിൽ വലിയ വിജയമായ ചിത്രം അജിത്തിന്റെ 50-ാമത്തെ സിനിമ കൂടിയാണ്. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുമ്പോഴും അതേ ആവേശമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. എന്നാലിതാ ചിത്രം പ്രദർശിപ്പിക്കുന്ന ഒരു തിയേറ്ററിനകത്തെ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തിന്റെ പ്രദർശനം തുടരവേ അജിത് ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ആരാധകർ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിയ ഉടൻ ചിതറിയോയിടുന്ന മറ്റു പ്രേക്ഷകരെയും വീഡിയോയിൽ കാണാം. നിരവധി വിമർശനങ്ങളാണ് ഈ വീഡിയോക്ക് പിന്നാലെ വരുന്നത്. ആരാധകരുടെ അതിരുവിട്ട ഇത്തരം ആഘോഷങ്ങൾ മറ്റു പ്രേക്ഷകരെയും അപകടത്തിലാക്കും എന്നാണ് കമന്റുകൾ. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ തമിഴ്നാട്ടിലെ തിയേറ്ററിനുള്ളിൽ സംഭവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വലിയ വിമർശനങ്ങൾ ആണ് ലഭിച്ചത്.

അതേസമയം, പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, മങ്കാത്ത തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ 3.75 കോടി രൂപ നേടി. ഒരു റീ-റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് റെക്കോർഡും മങ്കാത്ത നേടി. വിജയ് ചിത്രം ഗില്ലിയുടെ റെക്കോർഡ് അജിത് തൂഫാനാക്കിയിരിക്കുകയാണ്. ആദ്യ ദിനം വിജയ് ചിത്രം തമിഴ് നാട്ടിൽ നിന്ന് 3.50 കോടി രൂപയാണ് നേടിയത് ഈ റെക്കോർഡ് ആണ് അജിത് തിരുത്തിയിരിക്കുന്നത്. ആഗോളതലത്തിലും വിജയ്‌യെ അജിത് സൈഡ് ആക്കിയിട്ടുണ്ട്. 4 കോടിയാണ് ഗില്ലിയുടെ നേട്ടമെങ്കിൽ 4 .1 കോടിയാണ് മങ്കാത്ത ആഗോളതലത്തിൽ നേടിയിരിക്കുന്നത്.

mankatha

സിനിമയുടെ റീ റിലീസിന് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ സിനിമയുടെ ആദ്യ ഷോയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുന്നത്.

Content Highlights: Ajith fans burst crackers inside theatre creates panic situation during mankatha re release

dot image
To advertise here,contact us
dot image