ശബരിമല സ്വർണക്കൊള്ള: നഷ്ടപ്പെട്ട സ്വർണം പോലും കണ്ടെത്താൻ സാധിച്ചില്ല;SITക്ക് വീഴ്ച സംഭവിച്ചുവെന്ന് വി ഡി സതീശൻ

എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്നും സതീശന്‍

ശബരിമല സ്വർണക്കൊള്ള: നഷ്ടപ്പെട്ട സ്വർണം പോലും കണ്ടെത്താൻ സാധിച്ചില്ല;SITക്ക് വീഴ്ച സംഭവിച്ചുവെന്ന് വി ഡി സതീശൻ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കൊള്ള അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ച് കഴിഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത കേസിലും ജാമ്യം ലഭിക്കും. പ്രതികള്‍ പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകും. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ പോലും എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്‍.

മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ നിലപാട് മാറ്റിയെന്ന ആരോപണങ്ങളിലും സതീശന്‍ പ്രതികരിച്ചു. നിലപാട് മാറ്റിയെന്നത് തെറ്റായ വാര്‍ത്തയാണെന്ന് സതീശന്‍ പറഞ്ഞു. കോടതിയില്‍ പരാതി നല്‍കും. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലപാട് എങ്ങനെയാണ് മാറ്റി പറയുന്നതെന്നും സതീശന്‍ ചോദിച്ചു. കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ പറഞ്ഞിട്ടില്ലെന്നായിരുന്നു അഭിഭാഷകന്‍ വഴി സതീശന്‍ കോടതിയെ അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു സതീശൻ്റെ പ്രതികരണം.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി എന്ന ദേശീയ മാധ്യമ വാര്‍ത്തയോടും സതീശന്‍ പ്രതികരിച്ചു. വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രം സംബന്ധിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞതാണെന്നായിരുന്നു സതീശൻ പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഷേഡി ക്യാരക്ടര്‍ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ അദ്ദേഹം ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുമെന്ന് കരുതുന്നില്ലെന്നും സതീശൻ പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ തുറന്ന് പറച്ചിലുമായി ബന്ധപ്പെട്ടും സതീശന്‍ പ്രതികരിച്ചു. നടന്നിരിക്കുന്നത് ഗുരുതരമായ ക്രമക്കേടാണെന്നും ആരോപണം ഉന്നയിച്ചിരിക്കുന്നത് പ്രതിപക്ഷമല്ലെന്നും സതീശന്‍ പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. ക്രൈം നടന്നിട്ട് പൊലീസിനെ അറിയിക്കാത്തത് ക്രിമിനല്‍ കുറ്റമാണ്. തുറന്ന് പറഞ്ഞയാള്‍ക്ക് നേരെ വ്യപകമായ ഭീഷണി ഉയരുകയാണ്. പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതാക്കളും പൊതുഫണ്ട് കൊള്ളയടിക്കുകയാണ്. വിഷയത്തില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ജമാഅത്തെ പിന്തുണയുമായി ബന്ധപ്പെട്ട് സതീശൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ പരിശോധിക്കുമെന്നായിരുന്നു സതീശൻ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചിരുന്നു. പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജമാഅത്തെ ഇസ് ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നാണ് തങ്ങളോട് പറഞ്ഞത്. അതില്‍ സംശയം ഉണ്ടെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനോട് തന്നെ ചോദിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- opposition leader v d satheesan against sit over sabarimala gold theft case

dot image
To advertise here,contact us
dot image