മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ
dot image

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്.

ഇതോടെ ഇവ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്ക് കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാത്രമാണ് മാറ്റിയത്. കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.

തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുക്കുകയും കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് നല്‍കുകയുമായിരുന്നു.

ആദ്യ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ നോട്ടീസ് അയക്കും. ഇതിനും മറുപടിയില്ലെങ്കില്‍ രണ്ടുതവണ ഹിയറിങ് നടത്തണം. ഇതിലും പങ്കെടുത്തില്ലെങ്കില്‍ റവന്യു വകുപ്പ് ജപ്തി നടപടികളിലേക്ക് കടക്കും.

Content Highlights: thiruvananthapuram corporation fines bjp 20 lakh over flex boards during modi visit

dot image
To advertise here,contact us
dot image