ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി; ഉടന്‍ സമന്‍സ് അയയ്ക്കും

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി നീക്കം

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി; ഉടന്‍ സമന്‍സ് അയയ്ക്കും
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ ഡി ഉടന്‍ സമന്‍സ് അയയ്ക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിരിക്കെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി നീക്കമെന്നതും ശ്രദ്ധേയമാണ്.

നേരത്തേ ദ്വാരപാലക ശില്‍പത്തിലെ പാളികള്‍ ചെമ്പാണെന്ന് മുരാരി ബാബു രേഖപ്പെടുത്തിയതിന്റെ നിര്‍ണായക രേഖകള്‍ റെയ്ഡിനിടെ ഇ ഡിക്ക് ലഭിച്ചിരുന്നു.

ഇന്നലെയായിരുന്നു സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. ദ്വാരപാലക ശില്‍പത്തിന്റെയും ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായായിരുന്നു മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ ഹാജരാകണം തുടങ്ങിയവയായിരുന്നു ജാമ്യ വ്യവസ്ഥകള്‍. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയോടെ മുരാരി ബാബു ജയില്‍ മോചിതനായി.

ശബരിമല സ്വര്‍ണക്കൊള്ളയിൽ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു എസ്ഐടിയുടെ ആദ്യ കേസ്. ഇതില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ഈ കേസില്‍ ഒക്ടോബര്‍ 23നായിരുന്നു മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. മുരാരി ബാബു ഇടപെട്ടാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്ഐടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്ഐടി അറസ്റ്റിലേക്ക് നീങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിലേക്ക് ഇ ഡി എത്തിയതിന് പിന്നാലെ അന്വേഷണം മുരാരി ബാബുവിലേക്കും നീളുകയായിരുന്നു. മുരാരി ബാബുവിൻ്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ ഡി നടപടിയും തുടങ്ങിയിരുന്നു.

Content Highlights- Enforcement Directorate will question Murari Babu in connection with the Sabarimala gold theft case.

dot image
To advertise here,contact us
dot image