

തിരുവനന്തപുരം: കമലേശ്വരത്ത് വീടിനുള്ളില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളായ ഗ്രീമയെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന്‍ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവെന്നായിരുന്നു ഐഐടി റാങ്ക് ജേതാവായ ഉണ്ണികൃഷ്ണന്റെ പരിഹാസം. കൂടുതല്‍ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ ലഭിക്കുമായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്റെ വീട്ടുകാരും പറയുമായിരുന്നുവെന്ന് ഗ്രീമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടി മോഡേണല്ലെന്ന് പറഞ്ഞും ഉണ്ണികൃഷ്ണന്‍ ആക്ഷേപിക്കുമായിരുന്നു. 200 പവന്‍ സ്ത്രീധനം കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പീഡിപ്പിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞയുടന്‍ വിദേശത്തേക്ക് പോയ ഉണ്ണികൃഷ്ണന്‍ ഫോണ്‍ വിളിക്കുകയോ വിളിച്ചാല്‍ എടുക്കുകയോ ചെയ്തിരുന്നില്ല. ഇക്കാര്യങ്ങളെ തുടര്‍ന്ന് യുവതി മാനസികമായി തളര്‍ന്നിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
അമ്പലത്തറ പരവന്‍കുന്ന് പഴഞ്ചിറ ദേവീക്ഷേത്രത്തിന് സമീപമാണ് ഉണ്ണികൃഷ്ണന്‍ താമസിക്കുന്നത്. ഉണ്ണികൃഷ്ണന്റെ ബന്ധു നാല് ദിവസം മുന്‍പ് മരിച്ചിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അയര്‍ലന്‍ഡില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ഗ്രീമയും അമ്മ സജിതയുമായി മരണവീട്ടിലെത്തി ഉണ്ണികൃഷ്ണനെ കണ്ടിരുന്നു. പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിച്ച് വീട്ടില്‍ വരാന്‍ ഗ്രീമ ഉണ്ണികൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ആള്‍ക്കൂട്ടത്തില്‍വെച്ച് ഗ്രീമയെയും അമ്മയെയും ഉണ്ണികൃഷ്ണന്‍ അപമാനിക്കുകയായിരുന്നു. മനോവിഷമത്തിലായ അമ്മ സജിത സ്ഥലത്ത് കുഴഞ്ഞുവീണിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വലിയ മാനസികാഘാതത്തോടെയായിരുന്നു ഇവര്‍ തിരികെ കമലേശ്വരം ആര്യന്‍കുഴിയിലുള്ള വീട്ടിലെത്തിയത്.
Content Highlights: Relatives claim Greema faced repeated mockery from her husband