

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് തൊട്ടുമുൻപ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ മുൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന തർക്കത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് വേണ്ടി ഹാർദിക് പാണ്ഡ്യ എത്തിയപ്പോഴായിരുന്നു സംഭവം.
ബാറ്റും ഗ്ലൗസുമായി എത്തിയ ഗ്രൗണ്ടിലേക്ക് ഹാർദിക്, അവിടെയുണ്ടായിരുന്ന മുരളി കാർത്തിക്കിന് ഷേക്ക് ഹാൻഡ് നൽകുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ഹാർദിക് പാണ്ഡ്യ പ്രകോപിതനായി സംസാരിക്കുന്നതാണ് കാണാനായത്. നിമിഷങ്ങൾക്കകം ഗൗരവകരമായ തർക്കത്തിലേക്ക് മാറിയ സംഭാഷണത്തിനിടെ മുരളി കാർത്തിക്കിനോട് ഹാർദിക് അങ്ങേയറ്റം ദേഷ്യത്തോടെ സംസാരിക്കുന്നതും വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം.
🚨 Hardik Pandya angry at Murali Kartik
— Sonu (@Cricket_live247) January 23, 2026
– Hardik Pandya had an argument with Murali Kartik before the IND vs NZ 2nd ODI in Raipur. pic.twitter.com/axpjLykXfY
ശബ്ദമുയർത്തിയും കൈകൾ കൊണ്ട് ആംഗ്യം കാണിച്ചും സംസാരിക്കുന്ന ഹാർദിക്കിനെ മുരളി കാർത്തിക് ശാന്തനാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. തർക്കത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും മുൻപ് കമന്‍ററിക്കിടെ ഹാർദിക്കിനെക്കുറിച്ച് കാർത്തിക് നടത്തിയ ചില പരാമർശങ്ങളാകാം താരത്തെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകരിൽ ചിലർ കരുതുന്നത്. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ രസകരമായ കമന്റുകളാണ് വരുന്നത്. 'ഹാർദിക്കിനും മുരളി കാർത്തിക്കിന്റെ കമന്ററി ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
Content Highlights: IND vs NZ 2nd T20: Hardik Pandya engaged in heated argument with Murali Kartik, Video Goes Viral