

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മോദി കേരളത്തില്‍ എത്തിയത് വര്‍ഗീയത സംസാരിക്കാനാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം കേരളത്തിലെ ചരിത്രം പഠിക്കണം. മുസ്‌ലിം ലീഗിന്റെ ചരിത്രവും മോദി പഠിക്കണം. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങളാണ് മോദി കേരളത്തില്‍ വന്ന് പറയുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കും. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ റോഡില്‍ ഇറങ്ങിയ അയ്യപ്പ ഭക്തര്‍ക്ക് സഹായം ചെയ്ത പാര്‍ട്ടിയാണ് ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ വെള്ളമൊഴിച്ച് തീ അണച്ച പാര്‍ട്ടിയാണ് ലീഗെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്, എല്‍ഡിഎഫ് ഭരണത്തിനെതിരെയും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പാര്‍ട്ടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെടുനീളന്‍ പ്രസംഗം. ഒരു വശത്ത് എല്‍ഡിഎഫ്, മറുവശത്ത് യുഡിഎഫ് എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും എന്നാല്‍ ഇനി മുതല്‍ മൂന്നാമതൊരു പക്ഷം കൂടി ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. അത് സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പക്ഷമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ ദുര്‍ഭരണത്തില്‍ മുക്കി കളഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടിയുടെ നിറം വേറെയാണ്. ചിഹ്നവും രണ്ടാണ്. എന്നാല്‍ രണ്ടുപേരുടെയും അജണ്ട ഒന്നാണ്. അഴിമതിയും വര്‍ഗീയതയും ആണ് അജണ്ട. ശരിയായ അര്‍ത്ഥത്തില്‍ പുതിയ ഒരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. തന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. എംഎംസി കോണ്‍ഗ്രസാണ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു മോദി പറഞ്ഞത്. എംഎംസി എന്നാല്‍ മുസ്‌ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് ആണെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിനെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. കോണ്‍ഗ്രസുകാര്‍ മുസ്‌ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി മാറി. കോണ്‍ഗ്രസിനെ ജനങ്ങള്‍ വളരെ സൂക്ഷിക്കണം. വര്‍ഗീയ പരീക്ഷണശാലയായി കേരളത്തെ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. പവിത്രമായ കേരളത്തെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അജണ്ടയില്‍ നിന്ന് രക്ഷിച്ചെടുക്കണം. ഈ സമയമാണ് ശരിയായ സമയം. ഇതാണ് എന്‍ഡിഎ സര്‍ക്കാറിനുള്ള ശരിയായ സമയം. വികസിത കേരളം സാധ്യമാക്കാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.
ശബരിമലയില്‍ നിന്ന് സ്വര്‍ണം കൊള്ളയടിക്കപ്പെട്ടുവെന്നും മോദി ആരോപിച്ചിരുന്നു.
ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കിട്ടിയ ഒരു അവസരവും എല്‍ഡിഎഫ് പാഴാക്കിയിട്ടില്ല. ബിജെപി വന്നാല്‍ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തും. കുറ്റവാളികളെ ജയിലില്‍ അടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Content Highlights- KC Venugopal criticized Prime Minister Modi over his statement against muslim leage and comgress