

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിനെ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലില്‍ നിന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് മാറ്റം. ഇനിയുള്ള ചികിത്സ സെന്‍ട്രല്‍ ജയിലില്‍ തുടരാനാണ് തീരുമാനം.
ശങ്കര്‍ദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ശങ്കര്‍ദാസിനെ ജയിലില്‍ പാര്‍പ്പിച്ച് ചികിത്സ തുടരാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിന് പിന്നാലെയാണ് ശങ്കർദാസിനെ സെൻട്രൽ ജയിലിലേക്ക് മാറ്റാനും അവിടെ ചികിത്സ തുടരാനും തീരുമാനമായത്.
കഴിഞ്ഞ ദിവസമായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിലെത്തി ശങ്കര്‍ദാസിനെ റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ കഴിയുകയായിരുന്ന ശങ്കര്‍ദാസിന്റെ അറസ്റ്റ് വൈകിയതില്‍ ഹൈക്കോടതി എസ്‌ഐടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കെ പി ശങ്കര്‍ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ജാമ്യത്തിലിറങ്ങി. കര്‍ശന നിബന്ധനകളോടെ സ്വാഭാവിക ജാമ്യമാണ് മുരാരി ബാബുവിന് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് മുരാരി ബാബുവിന് ജാമ്യം അനുവദിച്ചത്.
ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുരാരി ബാബുവിന് ജയിലിന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.
സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. നേരത്തെ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു, എന്നാല്‍ കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകാത്തതിനാല്‍ ജയിലില്‍ തുടരുകയാണ്.
Content Highlight; Sabarimala gold theft case; Murari Babu released on bail, decision to send Shankardas for treatment in jail