

തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിനിടെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പാത്രം കഴുകിയതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നാലെ അദ്ദേഹം വീട്ടില്‍ വന്ന അനുഭവം വിവരിച്ച് ആതിഥേയരായിരുന്ന നൗഷാദ് കറുകപ്പാടവും ഭാര്യ റഹ്‌മത്തും.
ഭക്ഷണം കഴിച്ച് സഖാവ് പാത്രവുമായി എഴുന്നേറ്റപ്പോള്‍ താനും ഭാര്യയും വേണ്ടെന്ന് പറഞ്ഞ് തടഞ്ഞു. പക്ഷേ, പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്ന് പറഞ്ഞ് അദ്ദേഹം അടുക്കള ഭാഗത്തേക്ക് നടന്നു. അതുകേട്ടപ്പോള്‍ എതിര്‍ത്തില്ലെന്നും ബഹുമാനം തോന്നിയെന്നും ഇരുവരും പറയുന്നു.
സിപിഐഎം ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ എം എ ബേബിക്ക് ജില്ലാപഞ്ചായത്തംഗംകൂടിയായ നൗഷാദിന്റെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. ബേബി പാത്രം കഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു. എല്ലാ വീടുകളിലും ഈ മാറ്റം ഉണ്ടായാല്‍ സന്തോഷമായേനെയെന്ന് റഹ്‌മത്ത് പറഞ്ഞു.
സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുന്ന എം എ ബേബിയുടെ ചിത്രത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുണ്ടായിരുന്നു. പിന്നാലെ എം എ ബേബിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. ഒന്നാം ക്ലാസിലെ പാഠപുസ്തകം പങ്കുവെച്ചാണ് എം എ ബേബിക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയത്.
'അച്ഛന്‍ മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന്‍ മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ' എന്ന പാഠഭാഗമാണ് പലരും പങ്കുവെച്ചത്. ചെറുപ്പം മുതലേ കഴിച്ച പാത്രം കഴുകിവെക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ചുവരുന്നുവെന്നുമായിരുന്നു വിവാദങ്ങളില്‍ എം എ ബേബിയുടെ പ്രതികരണം.
ഇങ്ങനെ പരിഹസിക്കുന്നവര്‍ക്ക് ആദര്‍ശമെന്നാല്‍ അഭിനയമാണെന്നും നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്നാണ് നിങ്ങള്‍ തന്നെ കരുതുന്നതെന്നും ഭാര്യ ബെറ്റിയും പ്രതികരിച്ചു.
'ഞങ്ങള്‍ സഖാക്കള്‍ ഇങ്ങനെയൊക്കെയാണ്. എ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവര്‍ കഴിച്ച പാത്രങ്ങള്‍ സഖാക്കള്‍ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങള്‍ക്കതില്‍ അഭിമാനമേയുള്ളൂ', അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാത്രം കഴുകാതെ ഇരിക്കാന്‍ നമ്മള്‍ രാജാക്കന്മാര്‍ ഒന്നും അല്ലല്ലോയെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം.
'എം എ ബേബിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. പാത്രം കഴുകലും കക്കൂസ് കഴുകലും വൃത്തികെട്ട ജോലി ആണെന്ന മനോഭാവം ചിലര്‍ക്ക് ഉണ്ട്. താഴെക്കിടയില്‍ ഉള്ളവര്‍ ചെയ്യേണ്ട ജോലി ആണെന്ന മനോഭാവം ശരിയല്ല. സ്വന്തം കാര്യം സ്വയം ചെയ്യുന്നത് ഒരു കുറച്ചിലും അല്ല എന്ന് വിദ്യാര്‍ഥികളോട് പറയുന്നു. ആണ്‍കുട്ടികള്‍ പാചകം ചെയ്യുന്നത് നല്ല സംസ്‌കാരം', വി ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: cpim general secretary m a baby home visit cyber attack experience shared by naushad karukappadam