

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വീണ്ടും പരിക്ക് ആശങ്ക. ഇന്ത്യൻ ഓൾറൗണ്ടർ അക്സര്‍ പട്ടേലിന്റെ പരിക്കാണ് നീലപ്പടയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ അക്സര്‍ പട്ടേല്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
റായ്പൂരിൽ ഇന്ന് നടക്കാനിരിന്ന രണ്ടാം ടി20യിൽ അക്സര്‍ പട്ടേലിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ പകരം ആരെത്തുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കുല്‍ദീപ് യാദവും രവി ബിഷ്ണോയിയുമാണ് അക്സറിന് പകരം പരിഗണിക്കാവുന്ന സ്പിന്നര്‍മാര്‍. എന്നാൽ ഇതിലാര് ടീമിലെത്തിയാലും ബാറ്റിങ് നിരയെ ദുർബലമാക്കുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ അക്സര്‍ അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായിരുന്നു.
ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് അക്സറിന് പരിക്കേൽക്കുന്നത്. ഡാരിൽ മിച്ചൽ അടിച്ച പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. അക്സർ തന്റെ ഇടതുകൈ ഉപയോഗിച്ച് പന്ത് തടയാൻ ശ്രമിച്ചപ്പോൾ ചൂണ്ടുവിരലിൽ പന്ത് തട്ടി. വിരലിൽ നിന്ന് രക്തം വന്നതിനെത്തുടർന്ന് അദ്ദേഹം ഫിസിയോയോടൊപ്പം കളം വിട്ടു. രവി ബിഷ്‌ണോയിയാണ് അദ്ദേഹത്തിന് പകരക്കാരനായി ഫീൽഡിലിറങ്ങിയത്.
അക്സർ എറിഞ്ഞ ഓവറിലെ ബാക്കിയുള്ള മൂന്ന് പന്തുകൾ അഭിഷേക് ശർമയാണ് പൂർത്തിയാക്കിയത്. ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരു താരത്തിന് പരിക്കേറ്റത് ടീം മാനേജ്‌മെൻ്റിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ അക്സറിൻ്റെ പരിക്കിനെക്കുറിച്ച് ബിസിസിഐയോ ടീം മാനേജ്‌മെൻ്റോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
Content highlights: IND vs NZ 2nd T20: Big Blow for Team India, Axar Patel likely to be rested due to injury