

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്നെയും മക്കളെയും ദ്രോഹിച്ച് രണ്ടാക്കിയതെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ബാലകൃഷ്ണപ്പിളളയുടെ കുടുംബവുമായി തന്റെ കുടുംബത്തിന് അത്രയ്ക്ക് അടുത്ത ബന്ധമായിരുന്നെന്നും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത് ശരിയാണോ എന്ന് ഗണേഷ് കുമാര്‍ സ്വയം ആലോചിക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഗണേഷിനെക്കുറിച്ച് വലിയ സ്വപ്‌നങ്ങളായിരുന്നു ഞങ്ങള്‍ക്കെന്നും ആ പ്രതീക്ഷ തെറ്റിയോ എന്നാണ് താന്‍ ചോദിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പറഞ്ഞ് വന്നപ്പോള്‍ ഗണേഷ് കുമാറിന് ചിലപ്പോള്‍ നാക്കുപിഴ പറ്റിയതായിരിക്കാമെന്നും അദ്ദേഹം മനസാക്ഷിയോട് ചോദിക്കട്ടെയെന്നും ചാണ്ടി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
'എന്റെ പിതാവ് ഇന്നില്ല. എന്നില്‍ എന്റെ പിതാവിനെ അദ്ദേഹം കാണുന്നുണ്ടോ എന്നറിയില്ല. മനസാക്ഷിയോട് അദ്ദേഹം ചോദിക്കട്ടെ. എന്റെ പിതാവിനെ ഇതിലേക്ക് കൂടുതല്‍ വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം… വളരെ അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബമാണ് ബാലകൃഷ്ണപ്പിളള സാറിന്റെ. അദ്ദേഹം ജയിലിലായിരിക്കുന്ന സമയത്തും ശേഷവുമൊക്കെ എന്റെ അമ്മ ദിവസവും ആന്റിയെ വിളിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു ഇരുവരും ചേര്‍ന്ന്. അത്രയ്ക്ക് അടുത്ത ബന്ധം എല്ലാ തടസങ്ങള്‍ക്കുമപ്പുറം ഞങ്ങടെ കുടുംബങ്ങള്‍ തമ്മിലുണ്ട്. ഗണേഷ് വലിയ പ്രതീക്ഷയുളള നേതാവായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായോ എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുളളു. ഇതിനപ്പുറം ഒന്നും പറഞ്ഞിട്ടില്ല. എന്റെ അമ്മയും അദ്ദേഹത്തിന്റെ അമ്മയും ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു. ഞങ്ങളൊരു കുടുംബമായിരുന്നു. ഉയര്‍ന്നുവരുമ്പോള്‍ ഗണേഷിനെക്കുറിച്ച് വലിയ സ്വപ്‌നങ്ങളായിരുന്നു ഞങ്ങള്‍ക്ക്. ആ പ്രതീക്ഷ തെറ്റിയോ എന്നാണ് ഞാന്‍ ചോദിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയാണോ എന്ന് സ്വയം ആലോചിക്കട്ടെ. ചിലപ്പോള്‍ അദ്ദേഹത്തിന് നാക്കുപിഴ പറ്റിയതാകാം. ചില കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോള്‍ അറിയാതെ പറഞ്ഞ് പോയതായിരിക്കാം. അദ്ദേഹം ഞാന്‍ ആക്രമിച്ചു എന്ന വിഷമത്തില്‍ പറഞ്ഞ് പോയതായിരിക്കാം. ഞങ്ങളാരും പ്രതീക്ഷിച്ചില്ല അങ്ങനെ പറയുമെന്ന്': ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. 'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് ഉമ്മൻ ചാണ്ടിയാണ് തന്റെ കുടുംബം തകർത്തതെന്ന് ഗണേഷ് കുമാർ പറഞ്ഞത്.
'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു' എന്നാണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്.
Content Highlights: chandy oomman reacts to ganesh remark about oommen chandy, says maybe its slip of tongue