കടകംപള്ളി മാത്രമല്ല,അടൂർ പ്രകാശും പോറ്റിയുടെ വീട്ടിലെ സന്ദർശകൻ;UDF കൺവീനറെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തൽ

കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎല്‍എയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്നും അയല്‍വാസി

കടകംപള്ളി മാത്രമല്ല,അടൂർ പ്രകാശും പോറ്റിയുടെ വീട്ടിലെ സന്ദർശകൻ;UDF കൺവീനറെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തൽ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വന്നിരുന്നതായി അയല്‍വാസി വിക്രമന്‍ നായര്‍. അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പല തവണ വന്നിട്ടുണ്ടെന്ന് വിക്രമന്‍ നായര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎല്‍എയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷിയാണ് വിക്രമന്‍ നായര്‍.

നേരത്തെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന് വിക്രമന്‍ നായര്‍ പറഞ്ഞിരുന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പല തവണ വന്നിട്ടുണ്ടെന്നായിരുന്നു വിക്രമന്‍ നായര്‍ വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദ്രനെ ഇവിടെ രണ്ട് തവണ കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം വന്നപ്പോള്‍ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നും വിക്രമന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പോറ്റിയുടെ വീട്ടില്‍നിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസിന്റെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ കടകംപള്ളിയുമായി നല്ല ബന്ധമുണ്ടെന്നായിരുന്നു പോറ്റിയുടെ മൊഴി. പോറ്റിയുമായി നല്ല പരിചയമുണ്ടെന്ന് കടകംപള്ളിയും എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കടകംപള്ളിയെ ചോദ്യം ചെയ്തത്. രണ്ട് തവണ പോറ്റിയുടെ വീട്ടില്‍ പോയെന്നും പോറ്റി നിര്‍ബന്ധിച്ചതുകൊണ്ടാണ് പോയതെന്നുമാണ് കടകംപള്ളിയുടെ മൊഴി.

2017 മുതല്‍ക്ക് തുടങ്ങിയ ബന്ധമാണെന്നും തിരുവനന്തപുരത്ത് പലയിടത്ത് വെച്ചും കണ്ടെന്നുമാണ് പോറ്റിയുടെ മൊഴി. പല നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിലകൂടിയ വിളക്കുകളും ബാഗുകളും നല്‍കിയെന്നും പോറ്റി മൊഴി നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: Congress leader Adoor Prakash visited the residence of Unnikrishnan Potty, an accused in the Sabarimala gold theft case

dot image
To advertise here,contact us
dot image