

കാസർകോട്:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. എല്ലാ സംഘടനകളെയും ബഹുമാനിക്കുന്നുവെന്നും ഇവരെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ഒരു സമൂഹമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിനെതിരായ വിഷയങ്ങളെ മാറ്റിമറിക്കാന്‍ തയ്യാറാവില്ല. ആരുടെയെങ്കിലും പ്രസ്താവനകള്‍ക്ക് മറുപടി പറയാനില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം രണ്ട് മാസങ്ങള്‍ക്ക് അകലെ കാത്തുനില്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. കേരളത്തെ പത്ത് വര്‍ഷം കൊണ്ട് തകര്‍ത്ത സര്‍ക്കാരിനെ എടുത്ത് ദൂരെ കളയുക എന്നതാണ് ദൗത്യം. ആ ദൗത്യത്തിലെ സെമി ഫൈനല്‍ തങ്ങള്‍ ജയിച്ച് കഴിഞ്ഞു. ഇനി ഫൈനലാണ്. ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഹൈക്കോടതി പോലും വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതിനെ മാറ്റിമറിക്കാന്‍ ആരുടെ പ്രസ്താവനയ്ക്കും സാധിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സോഷ്യല്‍ എഞ്ചിനീയറിങ് കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. അതില്‍ നിന്ന് തങ്ങളെ വ്യതിചലിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; Congress has one goal, which is the assembly elections which are 2 months away; KC Venugopal responds