'കോടതിയെ വിഡ്ഢിയാക്കുകയാണോ'; ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രീം കോടതി

നെതര്‍ലന്‍ഡ്സിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്

'കോടതിയെ വിഡ്ഢിയാക്കുകയാണോ'; ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി. തെറ്റായ വിവരം നല്‍കിയതിനാണ് കേന്ദ്രത്തിന് സുപ്രീം കോടതി 25,000 രൂപ പിഴയിട്ടത്. നെതര്‍ലന്‍ഡ്സിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ പട്ടിക നേരത്തെ തന്നെ കൈമാറിയെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കോടതിയെ വിഡ്ഢിയാക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതര്‍ലന്‍ഡ്‌സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ തന്നെ കോടതി ആവശ്യപ്പെട്ട പട്ടിക സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഇതുവരെ പട്ടിക കൈമാറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്രത്തിനയച്ച കത്തിന്റെ പകര്‍പ്പ് ഇരുവരും കോടതിക്ക് കൈമാറി. തുടര്‍ന്ന് ഇക്കാര്യത്തിലെ വസ്തുത അറിയിക്കാന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു താന്‍ കോടതിയെ അറിയിച്ചത് തെറ്റായ വിവരമാണെന്ന് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ അറിയിച്ച വിവരമാണ് കോടതിയില്‍ അറിയിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പതിനായിരത്തിലധികം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന ചെറിയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഡ്രഡ്ജര്‍ അഴിമതിക്കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്താൻ കേന്ദ്രസര്‍ക്കാരിന്റെ സഹായം കേരളം തേടിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹേഗിലെ ഇന്ത്യന്‍ എംബസി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിനോട് കേസിന്റെ വിശദാംശങ്ങള്‍ തേടി. പിന്നീടാണ് നെതര്‍ലന്‍ഡ്‌സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പേര് കൈമാറാന്‍ കേരള പൊലീസിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

Content Highlight; Supreme Court fines Centre ₹25,000 for misleading court in Jacob Thomas dredger case

dot image
To advertise here,contact us
dot image